ടെംപറേച്ചര്‍ സെന്‍സറുമായി ടൈമെക്‌സ് ഹീലിക്‌സ് സ്മാര്‍ട്ട് 2.0
വില 3,999 രൂപ. ജൂലൈ 26, 27 തീയതികളില്‍ നടക്കുന്ന ‘ആമസോണ്‍ പ്രൈം ഡേ’ വില്‍പ്പനയില്‍ വാങ്ങാന്‍ കഴിയും
ടൈമെക്‌സ് ഹീലിക്‌സ് സ്മാര്‍ട്ട് 2.0 സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3,999 രൂപയാണ് വില. ആമസോണില്‍ മാത്രം ലഭിക്കും. ബ്ലാക്ക്, ബ്ലാക്ക് മെഷ്, ഗ്രീന്‍, റോസ് ഗോള്‍ഡ് മെഷ്, വൈറ്റ് എന്നീ അഞ്ച് സ്ട്രാപ്പ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ജൂലൈ 26, 27 തീയതികളില്‍ നടക്കുന്ന ‘ആമസോണ്‍ പ്രൈം ഡേ’ വില്‍പ്പനയില്‍ വെയറബിള്‍ വാങ്ങാന്‍ കഴിയും. ലഭ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഇ കൊമേഴ്‌സ് സൈറ്റില്‍ ഇപ്പോള്‍ ‘നോട്ടിഫൈ മീ’ ബട്ടണ്‍ കാണാം. ടെംപറേച്ചര്‍ സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ എന്നിവ സഹിതമാണ് വെയറബിള്‍ വരുന്നത്. ചതുരാകൃതിയുള്ള ഡയല്‍ നല്‍കി.
ടൈമെക്സ് ഹീലിക്‌സ് സ്മാര്‍ട്ട് 2.0 വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യമായി ഡോക്ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഇന്‍ബില്‍റ്റ് ടെലിമെഡിസിന്‍ ഫീച്ചറിലൂടെ ഫോണ്‍, ചാറ്റ് വഴി ഒരു ടച്ചില്‍ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ സാധ്യമാകുന്നതാണ് ഡോക്ഓണ്‍ലൈന്‍.
1.55 ഇഞ്ച് കളര്‍ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ലഭിച്ചതാണ് ടൈമെക്‌സ് ഹീലിക്‌സ് സ്മാര്‍ട്ട് 2.0 സ്മാര്‍ട്ട്‌വാച്ച്. വലതു ഭാഗത്തായി ഒരു ഫിസിക്കല്‍ ബട്ടണ്‍ നല്‍കി. തുടര്‍ച്ചയായി നിങ്ങളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ഹൃദയമിടിപ്പ് നിരക്ക് നിരീക്ഷിക്കുകയും ചെയ്യും. ഒമ്പത് ദിവസത്തെ സജീവ ഉപയോഗം, 15 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയം എന്നിവ ലഭിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.
ട്രെഡ്മില്‍, ബാസ്‌കറ്റ്‌ബോള്‍, യോഗ, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് തുടങ്ങി പത്ത് സ്പോര്‍ട്സ് മോഡുകള്‍ സവിശേഷതയാണ്. ഇരുപത്തിനാല് വാച്ച് ഫേസുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. നാല് വാച്ച് ഫേസുകള്‍ ഇന്‍ബില്‍റ്റായി നല്‍കിയപ്പോള്‍ 20 വാച്ച് ഫേസുകള്‍ ‘ടൈമെക്‌സ് ഐകണക്റ്റ്’ ആപ്പിലൂടെ ലഭിക്കും. ഗൂഗിള്‍ ഫിറ്റ്, ആപ്പിള്‍ ഹെല്‍ത്ത് ആപ്പുകളുമായി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡാറ്റ സിങ്ക് ചെയ്യാന്‍ കഴിയും. ചുവടുകള്‍, കത്തിച്ച കലോറി എന്നിവയെല്ലാം മനസിലാക്കാം. ആപ്പുകളുടെയും ഇ മെയിലുകളുടെയും നോട്ടിഫിക്കേഷനുകളും വാച്ചില്‍ ലഭിക്കും. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിംഗ് സവിശേഷതയാണ്.
ഏപ്രില്‍ മാസത്തില്‍ ടൈമെക്സ് ഫിറ്റ് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ടെലിമെഡിസിന്‍ ഫീച്ചര്‍, ടെംപറേച്ചര്‍ സെന്‍സര്‍, എസ്പിഒ2 മോണിറ്റര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളോടെയാണ് വെയറബിള്‍ വിപണിയിലെത്തിയത്. ആക്റ്റിവിറ്റി ട്രാക്കിംഗ്, ഓട്ടോ സ്ലീപ്പ് ഡിറ്റക്ഷന്‍, നിരവധി വാച്ച് ഫേസുകള്‍ തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്. കലണ്ടര്‍ റിമൈന്‍ഡറുകള്‍, കോളുകളുടെയും മെസേജുകളുടെയും നോട്ടിഫിക്കേഷനുകള്‍ എന്നിവ നല്‍കുന്നതുകൂടിയാണ് ഈ വെയറബിള്‍. സിലിക്കണ്‍, മെറ്റല്‍ എന്നീ രണ്ട് സ്ട്രാപ്പ് വേരിയന്റുകളില്‍ ലഭിക്കും.
35 എംഎം വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയായ പ്ലാസ്റ്റിക് കേസ്, ഫുള്‍ കളര്‍ ടച്ച്സ്‌ക്രീന്‍ എന്നിവ സവിശേഷതകളാണ്. പത്ത് വാച്ച് ഫേസുകള്‍ സപ്പോര്‍ട്ട് ചെയ്യും. വാച്ച് ഫേസായി ഫോട്ടോകളും ഉപയോഗിക്കാം. റണ്ണിംഗ്, സൈക്ലിംഗ്, ടെന്നീസ്, യോഗ, ഡാന്‍സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബോള്‍, ഫുട്ബോള്‍, ഹൈക്കിംഗ്, ജിമ്മിംഗ് തുടങ്ങി പത്ത് സ്പോര്‍ട്സ് മോഡുകള്‍ നല്‍കി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ആറ് ദിവസം വരെ നീണ്ടുനില്‍ക്കും. ശരീരോഷ്മാവ്, രക്തത്തിലെ ഓക്സിജന്‍ നില, ഹൃദയമിടിപ്പ് നിരക്ക് എന്നിവ നിരീക്ഷിക്കുന്നതിന് സെന്‍സറുകള്‍ നല്‍കി. സ്മാര്‍ട്ട് സ്ലീപ്പ് മോണിറ്റര്‍ സിസ്റ്റം, സെഡന്ററി റിമൈന്‍ഡര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.