നാലാം പാദം: ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 3000 കോടി ഉള്‍ച്ചേര്‍ക്കും
1 min read6.28 ലക്ഷം കോടി രൂപ അധിക ചെലവിടലിന് പാര്‍ലമെന്‍റിന്‍റെ അനുമതി തേടിയിട്ടുണ്ട്
ന്യൂഡെല്‍ഹി: നടപ്പു ത്രൈമാസത്തില്‍ ധനമന്ത്രാലയം 3,000 കോടി രൂപയുടെ മൂലധനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവരുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നല്‍കും. നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് മൂലധന സഹായം നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചിട്ടുണ്ട്.
മൂലധന ഉള്‍ച്ചേര്‍ക്കലിനായി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ (എന്‍ഐസിഎല്‍) അംഗീകൃത ഓഹരി മൂലധനം 7,500 കോടി രൂപയായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (യുഐഐസിഎല്‍), ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ഒഐസിഎല്‍) എന്നിവയുടേത് 5,000 കോടി രൂപയായും ഉയര്‍ത്തുന്നതും മന്ത്രിസഭ തീരുമാനിച്ചു.
2020-21 കാലയളവില്‍ 6.28 ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ അനുമതി തേടിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ റീ ക്യാപിറ്റലൈസേഷനായി അധിക ഫണ്ട് നല്‍കുന്നതിന് 3,000 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന സമ്മേളനത്തില്‍ പാര്‍ലമെന്‍റിന്‍റെ അനുമതി ലഭ്യമായ ശേഷമാകും മൂലധന ഉള്‍ച്ചേര്‍ക്കല്‍ നടപ്പാക്കുക.