പാര്‍ട്ടികള്‍ക്കതീതമായി ക്ഷേത്രാക്രമണം ആന്ധ്രയില്‍ പതിവെന്ന് പോലീസ്
അമരാവതി: കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായി ആന്ധ്രയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പതിവാണെന്ന് സംസ്ഥാന ഡിജിപി ഗൗതം സവാങ് പറഞ്ഞു. അധികാരത്തിലുള്ള പാര്‍ട്ടി ഏതായാലും ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നതായി സവാങ്ങ് കണക്കുകള്‍ നിരത്തി അവകാശപ്പെട്ടു. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാരിനു കീഴില്‍ 2015 ല്‍ 163 ക്ഷേത്ര കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 2017 ല്‍ 139, 2018 ല്‍ 123 ക്ഷേത്രാക്രമണവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. 2019 ല്‍ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 177 ക്ഷേത്രങ്ങളാണ് അക്രമിക്കപ്പെട്ടത് എന്നാണ് പോലീസിന്റെ കണക്കുകള്‍. ക്ഷേത്രങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കുറവില്ലെങ്കിലും ജഗന്‍ സര്‍ക്കാരിനു കീഴില്‍ അത് വര്‍ധിച്ചസാഹചര്യത്തിലാണ് ഡിജിപി കണക്കുകള്‍ നിരത്തി പ്തര്‌സമ്മേളത്തിന് എത്തിയത്.
2020 ല്‍, അന്താര്‍വേദിയിലെ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ രഥം കത്തിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉണ്ടായി. 143 ക്ഷേത്രങ്ങള്‍ക്കുനേരെയാണ് അന്ന് അക്രമം നടന്നത്. 2021ല്‍ ആറ് പുതിയ കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
വിഗ്രഹങ്ങളെ അപമാനിക്കലും മോഷണവും, ആഭരണങ്ങള്‍ മോഷ്ടിക്കല്‍, ക്ഷേത്രപരിസരങ്ങള്‍ കുഴിക്കല്‍, ക്ഷേത്രം പൊളിക്കല്‍, രഥം കത്തിക്കല്‍ എന്നിവയാണ് പ്രധാന കുറ്റകൃത്യങ്ങള്‍. ജഗന്‍ സര്‍ക്കാരിനു കീഴില്‍ 2020 ലും 2021 ലും നടന്ന ക്ഷേത്ര ആക്രമണത്തിലെ പ്രധാന സംഭവങ്ങളില്‍ 38 ക്ഷേത്ര മോഷണം, അപകീര്‍ത്തിപ്പെടുത്തല്‍, രണ്ട് രഥം കത്തിക്കല്‍, നാല് ക്ഷേത്രം പരിസരം നശിപ്പിക്കുക തുടങ്ങിയ കേസുകള്‍ ഉള്‍പ്പെടുന്നു.
ആകെ 44 സംഭവങ്ങളാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായത്. ഏഴ് കേസുകളില്‍ ഒമ്പത് പേരെ അറസ്റ്റുചെയ്തു. വിഗ്രഹ,ആഭരണ മോഷണം തുടങ്ങി മദ്യപന്മാരുടെ പ്രവൃത്തികളും ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ വരെ അക്രമത്തിന് കാരണമായിട്ടുണ്ട്. അതില്‍ തിരിച്ചറിയപ്പെട്ട് 28 കേസുകളുടെ വിശദാംശങ്ങള്‍ ഡിജിപി പുറത്തുവിട്ടു. 44 കേസുകളില്‍ 15 എണ്ണം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ക്ഷേത്ര ആക്രമണത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടയില്‍ സംസ്ഥാനത്ത് ബോധപൂര്‍വ്വം തെറ്റായ വിവര പ്രചാരണം നടക്കുന്നതായും സവാങ് പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം പോലീസ് ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 58,871 മതസ്ഥലങ്ങള്‍ മാപ്പ് ചെയ്തതായും 13,089 മത സ്ഥലങ്ങളില്‍ 43,824 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.