ടെക്നോപാര്‍ക്കിന് ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ്
തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്നോപാര്‍ക്ക്. സാമ്പത്തികവളര്‍ച്ചയും പുരോഗതിയും മികവും നിലനിര്‍ത്തുന്നതിനാണ് അംഗീകാരം. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് തുടര്‍ച്ചയായ രണ്ട് വര്‍ഷം ക്രിസില്‍ എ സ്റ്റേബിള്‍ റേറ്റിംഗ് നിലനിര്‍ത്തിയതിനു ശേഷമാണ് 2021 ല്‍ ആദ്യമായി എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് ലഭിക്കുന്നത്. പിന്നീട് 2024 വരെ തുടര്‍ച്ചയായി എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചു. ഇതര സ്ഥാപനങ്ങളുമായി കട ബാധ്യതയില്ലാത്തതും ലാഭകരവുമായ ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ക്രിസില്‍ പരിഗണിച്ചു. മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, ദീര്‍ഘകാല സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവ് തുടങ്ങിയവയും റേറ്റിംഗില്‍ മാനദണ്ഡങ്ങളായി. ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. പാര്‍ക്കില്‍ വാടകക്കാരായി പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികള്‍ക്കും 3-5 വര്‍ഷത്തെ ദീര്‍ഘകാല കരാറുകള്‍, ഓരോ 1-3 വര്‍ഷത്തിലും 5-15 ശതമാനം ബില്‍റ്റ്-ഇന്‍ വാടക വര്‍ദ്ധനവ്, പുതിയ വാടകക്കാര്‍ക്ക് ഉയര്‍ന്ന വാടക എന്നിവ വഴി 2026 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം പ്രവര്‍ത്തന വരുമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ 97 ശതമാനവും ഫേസ് മൂന്നില്‍ 100 ശതമാനവും സ്ഥലം പ്രയോജനപ്പെടുത്തി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാലയളവില്‍ ഫേസ് ഫോറിലെ ഓഫീസ് സ്ഥലത്തിന്‍റെ ഉപയോഗപ്പെടുത്തല്‍ 90 ശതമാനമായി ഉയര്‍ന്നു. 2024 മാര്‍ച്ച് 31 ല്‍ ഇത് 81 ശതമാനമായിരുന്നു. ഫേസ് അഞ്ചില്‍ (ടെക്നോപാര്‍ക്ക് കൊല്ലം) 2024 മാര്‍ച്ച് 31 ലെ 55 ശതമാനത്തില്‍നിന്ന് 62 ശതമാനമായി സ്ഥിതി മെച്ചപ്പെട്ടു. ഇത് ടെക്നോപാര്‍ക്കിന്‍റെ വരുമാന വര്‍ധനവിനെയാണ് കാണിക്കുന്നത്. ടെക്നോപാര്‍ക്കിന് വൈവിധ്യമാര്‍ന്ന ക്ലയന്‍റുകളിലായി 500-ലധികം വാടകക്കാരുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ വാടക വരുമാനത്തിന്‍റെ 32 ശതമാനം സംഭാവന ചെയ്യുന്നത് മുന്‍നിരയിലുള്ള 10 വാടകക്കാരാണ്. ലീസ് വാടക ശേഖരണത്തില്‍ സ്ഥാപനത്തിന് 35 വര്‍ഷത്തിലേറെ ചരിത്രവും നിലവിലുള്ള വാടകക്കാരുമായുള്ള ദീര്‍ഘകാല ബന്ധവുമുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. അറ്റകുറ്റപ്പണികളില്‍ മാനേജ്മെന്‍റ് മുന്‍കൈയെടുക്കുന്നു. ഈ സമീപനം വാടകക്കാരെ ആകര്‍ഷിക്കാനും കെട്ടിടത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്താനും സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രിസിലിന്‍റെ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേടാനായത് ടെക്നോപാര്‍ക്കിന്‍റെ സുസ്ഥിരമായ സാമ്പത്തിക മാതൃകയും വളര്‍ച്ചയും അടിവരയിടുന്നതാണെന്ന് ടെക്നോപാര്‍ക്ക് സിഎഫ്ഒ വിപിന്‍ കുമാര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ മികച്ച സാമ്പത്തിക നിലയും അച്ചടക്കമുള്ള മൂലധന മാനേജ്മെന്‍റും പ്രയോജനപ്പെടുത്തി ശേഷി വികസനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കുന്നതിലും ഉയര്‍ന്ന ആസ്തി മൂല്യം നേടുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം ടെക്നോസിറ്റി പോലുള്ള വലിയ വികസനം സാധ്യമാക്കുകയും ഭാവിക്ക് അനുയോജ്യമായ ഐടി ആവാസവ്യവസ്ഥയായി ടെക്നോപാര്‍ക്കിനെ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അംഗീകാരം ടെക്നോപാര്‍ക്കിന്‍റെ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ ശക്തമായ സാമ്പത്തിക സ്ഥിതി നിലനിര്‍ത്തുന്നതിനും സുസ്ഥിരവും കരുത്തുറ്റതുമായ ഐടി ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നതിനുമുള്ള പരിശ്രമത്തിനും പ്രചോദനമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പറഞ്ഞു. ഗുണനിലവാര മാനേജ്മെന്‍റിനായി ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ 9001:2015, ISO 14001:2015, ISO 45001:2018 സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ച ആദ്യത്തെ ടെക്നോളജി പാര്‍ക്ക് കൂടിയാണ് ടെക്നോപാര്‍ക്ക്. ഐടി, ഐടി അധിഷ്ഠിത മേഖലകളിലായി 500-ലധികം കമ്പനികളും 80,000 ജീവനക്കാരും ടെക്നോപാര്‍ക്കിലുണ്ട്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍.

132df9
Start earning instantly—become our affiliate and earn on every sale!
Start profiting from your network—sign up today!
Start earning instantly—become our affiliate and earn on every sale!
82h68h
jxz0id
dup950