മൂഡ് അനുസരിച്ച് പാട്ട് കേള്‍പ്പിക്കാന്‍ സ്‌പോട്ടിഫൈ
സ്പീച്ച് റെക്കഗ്‌നിഷന്‍ വഴി ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ വൈകാരികസ്ഥിതിയും മനോനിലയും അനുസരിച്ച് സംഗീതം നിര്‍ദേശിക്കാനാണ് സ്‌പോട്ടിഫൈയുടെ പരിപാടി
സ്റ്റോക്ക്‌ഹോം: മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്‌പോട്ടിഫൈ ഒരു പുതിയ സാങ്കേതികവിദ്യയ്ക്ക് ഈയിടെ പാറ്റന്റ് നേടി. വോയ്‌സ് ഡാറ്റ വിശകലനം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ടെക്‌നോളജി. സ്പീച്ച് റെക്കഗ്‌നിഷന്‍ വഴി ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ വൈകാരികസ്ഥിതിയും മനോനിലയും അനുസരിച്ച് സംഗീതം നിര്‍ദേശിക്കാനാണ് സ്‌പോട്ടിഫൈയുടെ പരിപാടി.
പുതിയ സംവിധാനം വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഉപയോക്താവിനും അനുസരിച്ച പാട്ടുകള്‍ ശുപാര്‍ശ ചെയ്യാനാണ് സ്‌പോട്ടിഫൈ തയ്യാറെടുക്കുന്നത്. സംഗീതം, പോഡ്കാസ്റ്റ് ഉള്ളടക്കം, പരസ്യങ്ങള്‍ എന്നിവ ഓരോ യൂസറിനും അനുസരിച്ച് നിര്‍ദേശിക്കും.
ഉപയോക്താവിന്റെ തലയ്ക്കുള്ളില്‍ എന്തെന്ന് അറിയാനാണ് സ്‌പോട്ടിഫൈ ആഗ്രഹിക്കുന്നത്. യൂസറുടെ നിലവിലെ മാനസികാവസ്ഥ, ലിംഗം, പ്രായം എന്നിവ കൂടാതെ ഉച്ചാരണവും വാക്കുകളിലെ ഊന്നല്‍ പോലും സ്‌പോട്ടിഫൈ വിശകലനം ചെയ്യും. 2018 ഫെബ്രുവരിയിലാണ് പാറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം പാറ്റന്റ് അനുവദിച്ചു.
ലഭ്യമാകുന്ന ശബ്ദത്തിലെ സംഭാഷണ ഉള്ളടക്കവും പശ്ചാത്തല ശബ്ദവും വിശകലനം ചെയ്യുന്ന രീതി ആപ്പിന് ഉണ്ടായിരിക്കാമെന്ന് പാറ്റന്റ് പ്രസ്താവിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ശബ്ദത്തിലൂടെ ഏത് ഉള്ളടക്കം ഉപയോക്താവിനെ കേള്‍പ്പിക്കണമെന്ന് നിശ്ചയിക്കാന്‍ ആപ്പിനെ സഹായിക്കും.
ഉപയോക്താക്കളുടെ സ്വരഭേദങ്ങള്‍, ഊന്നല്‍ എന്നിവയെല്ലാം ലഭിക്കാന്‍ പുതിയ സാങ്കേതികവിദ്യ തങ്ങളെ സഹായിക്കുമെന്ന് സ്‌പോട്ടിഫൈ പറയുന്നു. ഇതില്‍നിന്ന് സന്തോഷം, ദേഷ്യം, ദുഃഖം, സമചിത്തത ഇവയില്‍ ഏത് അവസ്ഥയിലാണ് യൂസര്‍ എന്ന് ആപ്പ് മനസ്സിലാക്കും.
ചുറ്റുപാടുമുള്ള ശബ്ദങ്ങളും സ്‌പോട്ടിഫൈ വിശകലനം ചെയ്യും. വാഹനങ്ങളുടെ ശബ്ദം, മറ്റുള്ളവര്‍ സംസാരിക്കുന്നത്, പക്ഷികള്‍ ചിലയ്ക്കുന്നത്, പ്രിന്റര്‍ പ്രിന്റ് ചെയ്യുന്നത് എന്നിവയെല്ലാം വേര്‍തിരിച്ചറിയും.