സോണി ബ്രാവിയ എക്‌സ്75 ടിവി സീരീസ് വില്‍പ്പന ആരംഭിച്ചു
43 ഇഞ്ച് വേരിയന്റിന് 66,900 രൂപയും 50 ഇഞ്ച് വേരിയന്റിന് 84,900 രൂപയുമാണ് വില. ഇപ്പോള്‍ യഥാക്രമം 59,990 രൂപയ്ക്കും 72,990 രൂപയ്ക്കും വാങ്ങാന്‍ കഴിയും
ന്യൂഡെല്‍ഹി: സോണി ബ്രാവിയ എക്‌സ്75 സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ടിവികള്‍ രണ്ട് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കും. 43 ഇഞ്ച് വേരിയന്റിന് 66,900 രൂപയും 50 ഇഞ്ച് വേരിയന്റിന് 84,900 രൂപയുമാണ് വില. ഇപ്പോള്‍ യഥാക്രമം 59,990 രൂപയ്ക്കും 72,990 രൂപയ്ക്കും വാങ്ങാന്‍ കഴിയും. ഇ കൊമേഴ്‌സ് പോര്‍ട്ടലുകള്‍ കൂടാതെ സോണി സെന്ററുകള്‍, പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ തുടങ്ങിയ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഏപ്രില്‍ 21 ന് വില്‍പ്പന ആരംഭിച്ചു.
എതിരാളി ബ്രാന്‍ഡുകളുടെ 43 ഇഞ്ച്, 50 ഇഞ്ച് അള്‍ട്രാ എച്ച്ഡി ടിവികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണെങ്കിലും സോണിയുടെ പ്രശസ്തിയും ഇന്ത്യയിലെ വില്‍പ്പന, സേവന ശൃംഖലകളും കണക്കിലെടുക്കുമ്പോള്‍ ഈ വിലക്കൂടുതല്‍ പ്രശ്‌നമായേക്കില്ല. സാംസംഗ്, എല്‍ജി, വണ്‍പ്ലസ്, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ താങ്ങാവുന്ന, മിഡ് റേഞ്ച് സെഗ്‌മെന്റുകളിലെ ടെലിവിഷനുകളാണ് എതിരാളികള്‍.
രണ്ട് വേരിയന്റുകള്‍ക്കും 3840, 2160 പിക്‌സല്‍ റെസലൂഷന്‍, 60 ഹെര്‍ട്‌സ് പരമാവധി റിഫ്രെഷ് നിരക്ക് എന്നിവ സഹിതം അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ സ്‌ക്രീനുകള്‍ ലഭിച്ചു. എച്ച്ഡിആര്‍10, എച്ച്എല്‍ജി ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഡോള്‍ബി ഓഡിയോ സവിശേഷതയാണ്. സോണി എക്‌സ്1 4കെ എച്ച്ഡിആര്‍ പ്രൊസസറാണ് ടെലിവിഷനുകള്‍ക്ക് കരുത്തേകുന്നത്.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ പ്രധാന സ്ട്രീമിംഗ് സേവനങ്ങള്‍ ഉള്‍പ്പെടെ ആപ്പുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കാന്‍ കഴിയും. ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഫീച്ചറുകളാണ്. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ കൂടാതെ മറ്റ് നിരവധി ഓഡിയോ, വീഡിയോ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.