Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇനി അണ്ടര്‍ ഡിസ്‌പ്ലേ കാമറ ഫോണുകളുടെ കാലം

അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി കാമറ നല്‍കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്, ഷവോമി, ഓപ്പോ, വിവോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍  

ഇനി വരുന്നത് അണ്ടര്‍ ഡിസ്‌പ്ലേ കാമറ ഫോണുകളുടെ കാലം. ഈ വര്‍ഷം അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി കാമറ നല്‍കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍. അണ്ടര്‍ ഡിസ്‌പ്ലേ കാമറ നല്‍കിയ ആക്‌സണ്‍ 20 5ജി എന്ന സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് കമ്പനിയായ സെഡ്ടിഇ കഴിഞ്ഞ വര്‍ഷം സ്വന്തം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ കാമറയുടെ മെച്ചപ്പെടുത്തിയ വേര്‍ഷനുമായി പുതിയ ഹാന്‍ഡ്‌സെറ്റ് കൂടി പുതുതായി വിപണിയിലെത്തും. അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി കാമറ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ മുഴുവനായി ഡിസ്‌പ്ലേ നല്‍കി സ്മാര്‍ട്ട്‌ഫോണുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും. നോച്ച്, കട്ട്ഔട്ട് ഡിസൈന്‍, ബെസലുകള്‍ എന്നിവ ഒഴിവാക്കാം.

സാംസംഗിന്റെയും ഓപ്പോയുടെയും മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, ഷവോമി മി മിക്‌സ് 4, വിവോയുടെയും സെഡ്ടിഇയുടെയും സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ അണ്ടര്‍ ഡിസ്‌പ്ലേ കാമറ ഔദ്യോഗികമായി അരങ്ങേറ്റം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഷവോമി ഇതിനകം തങ്ങളുടെ മൂന്നാം തലമുറ അണ്ടര്‍ ഡിസ്‌പ്ലേ കാമറ സാങ്കേതികവിദ്യ അനാവരണം ചെയ്തിരുന്നു. മാത്രമല്ല, 2021 ല്‍ ഈ സാങ്കേതികവിദ്യയുടെ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഷവോമിയുടെ ഭാഗത്തുനിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. എന്നാല്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ വിശ്വസിക്കാമെങ്കില്‍, മി മിക്‌സ് 4 അവതരിപ്പിക്കുന്നതോടൊപ്പം ഈ വര്‍ഷം തന്നെ വിപണിയിലെത്താനാണ് സാധ്യത. കഴിഞ്ഞ കുറച്ചുകാലമായി ഓപ്പോയും അണ്ടര്‍ ഡിസ്‌പ്ലേ കാമറ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനങ്ങളിലാണ്.

ഇതുവരെ, അണ്ടര്‍ ഡിസ്‌പ്ലേ കാമറ നല്‍കി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച ഒരേയൊരു കമ്പനിയാണ് സെഡ്ടിഇ. ആക്‌സണ്‍ 20 5ജി ഡിവൈസാണ് പുറത്തിറക്കിയത്. 32 മെഗാപിക്‌സല്‍ എഫ്/2.0 സെല്‍ഫി കാമറ സെന്‍സറാണ് ഈ ഫോണിന്റെ ഡിസ്‌പ്ലേയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഈയിടെ അവതരിപ്പിച്ച ആക്‌സണ്‍ 30 സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ അണ്ടര്‍ ഡിസ്‌പ്ലേ കാമറ നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹോള്‍ പഞ്ച് കട്ട്ഔട്ടിലാണ് കാമറ സ്ഥാപിച്ചത്. അണ്ടര്‍ ഡിസ്‌പ്ലേ കാമറയുടെ മെച്ചപ്പെടുത്തിയ വേര്‍ഷന്‍ സെഡ്ടിഇ അവതരിപ്പിക്കുമെന്നാണ് വിവരം. മേല്‍പ്പറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ കൂടാതെ, നോക്കിയ കൂടി അണ്ടര്‍ ഡിസ്‌പ്ലേ കാമറയുടെ പ്രവര്‍ത്തനങ്ങളിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വര്‍ഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

അണ്ടര്‍ ഡിസ്‌പ്ലേ കാമറ ലഭിച്ച ലോകത്തെ ആദ്യ ഫോണ്‍ എന്ന വിശേഷണത്തോടെയാണ് സെഡ്ടിഇ ആക്‌സണ്‍ 20 5ജി ആഗോളതലത്തില്‍ അവതരിപ്പിച്ചത്. 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്ന ഏക വേരിയന്റിലാണ് പുറത്തിറക്കിയത്. 1080പി റെസലൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവയോടെ 6.92 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 765ജി എസ്ഒസി കരുത്തേകുന്നു. 4,220 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ലഭിച്ചു. മിഡ്‌നൈറ്റ് ബ്ലാക്ക്, സണ്‍റൈസ് യെല്ലോ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. 449 യുഎസ് ഡോളര്‍ വില നിശ്ചയിച്ചാണ് വിപണി അവതരണം നടത്തിയത്.

Maintained By : Studio3