“പരിപാലന സൗഹൃദ പരിസരം” ചലഞ്ചിലേക്ക് കൊച്ചിയും
1 min readസ്മാര്‍ട്ട് സിറ്റി മിഷന്‍
തെരഞ്ഞെടുത്ത 25 നഗര കൂട്ടായ്മകള്‍ക്ക് പിന്തുണയും സാങ്കേതിക സഹായവും അടുത്ത ആറ് മാസം നല്‍കും. സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി പ്രകാരം നടപടികളെടുക്കാനാനാണിത്
കൊച്ചി: കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്മാര്‍ട് സിറ്റീസ് മിഷന്‍റെ ഭാഗമായി “പരിപാലന സൗഹൃദ പരിസരം” ചലഞ്ചിനുള്ള 25 നഗരങ്ങളെ പ്രഖ്യാപിച്ചു. കൊച്ചി ഉള്‍പ്പടെയുള്ള 25 നഗരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബെര്‍നാര്‍ഡ് വാന്‍ ലീര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. സാങ്കേതിക പങ്കാളിയായി ഡബ്ലിയുആര്‍ഐ ഇന്ത്യയും സഹകരിക്കുന്നുണ്ട്. നഗരങ്ങളിലെ ജീവിത പരിസരങ്ങളില്‍ ബാലസൗഹൃദമായ അന്തരീക്ഷം സ്മാര്‍ട് സിറ്റി മിഷന് കീഴില്‍ രൂപീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയാണിത്.
ആദ്യ ഘട്ടം നഗര ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതായിരുന്നു. 2021 ഫെബ്രുവരി ഏഴിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചു. ഇന്ത്യയിലെ 63 നഗരങ്ങളില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരുന്നത്. കുട്ടികളുടെയും അവരെ പരിചരിക്കുന്നവരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍, ആവശ്യമായ പൊതു സ്ഥലങ്ങള്‍, യാത്രസൗകര്യങ്ങള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രൊജക്ടുകളാണ് നഗര ഏജന്‍സികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അഗര്‍ത്തല, ബംഗളുരൂ, കൊയമ്പത്തൂര്‍, ധര്‍മ്മശാല, ഈറോഡ്, ഹുബാലി-ധര്‍വാഡ്, ഹൈദരബാദ്, ഇന്‍ഡോര്‍, ജബല്‍പൂര്‍, കാക്കിനാഡ, കൊച്ചി, കൊഹിമ, കോത്ത, നാഗ്പൂര്‍, രാജ് കോട്, റാഞ്ചി, റോഹ്തക്, റൂര്‍ക്കേല, സേലം, സൂറത്ത്, തിരുവനന്തപുരം, തിരുപ്പൂര്‍, ഉജ്ജ്വയിന്‍, വഡോദര, വാറംഗല്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നഗരങ്ങള്‍ വൈവിധ്യമാര്‍ന്ന പൈലറ്റ് പ്രോജക്ടുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഭവന മേഖലകളായ പ്രദേശങ്ങളില്‍ ശിശു സൗഹാര്‍ദമായ നടപ്പാത, കുട്ടികള്‍ക്കും ഇവരെ പരിചരിക്കുന്നതിന് നഗര ചേരികളില്‍ താമസിക്കുന്ന പരിചാരകര്‍ക്കും വേണ്ടി സുരക്ഷിതമായ യാത്രാ സൗകര്യം എന്നിവ ഒരുക്കും.
പ്രകൃതിയോട് ഇണങ്ങി കളിക്കുന്നതിനും ഇന്ദ്രിയ ബോധങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കുക, തുറസായ സ്ഥലങ്ങള്‍ കണ്ടെത്തുക, സ്കൂള്‍ സമയത്തിന് ശേഷം ഉപയോഗിക്കാതിരിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാനായി സൗകര്യങ്ങള്‍ ചെയ്യുക , നിരത്തുകളും തുറന്ന സ്ഥലങ്ങളും സൗഹാര്‍ദപരമാക്കുന്നതിന് പുറമെ സര്‍ക്കാര്‍ ഓഫീസുകളും ബാലസൗഹൃദമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, ബസ് ഷെല്‍റ്ററുകളും ഹബ്ബുകളും യാത്രാ കേന്ദ്രങ്ങളും കുട്ടികള്‍ക്കും ചേരുന്ന വിധത്തില്‍ മാറ്റുക, അംഗന്‍വാടികള്‍ പരിചരണ കേന്ദ്രമെന്ന നിലയില്‍ വികസിപ്പിക്കുക. പ്രായത്തിന് അനുസരിച്ച് കളിക്കോപ്പുകള്‍ ലഭ്യമാക്കിയും പോഷക ആഹാരം നല്‍കുന്നതിനുള്ള ന്യൂട്രി ഗാര്‍ഡനുകള്‍ സൃഷ്ടിച്ചും മെച്ചപ്പെടുത്തുക, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെ ഔട്ട് ഡോര്‍ സ്ഥലം തണലുള്ളതും ഇരിക്കാനുള്ള സൗകര്യത്തോടെയും ആക്കുക, മുലയൂട്ടുന്നതിന് സൗകര്യ ഒരുക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്.
ചലഞ്ചിന്‍റെ ഭാഗമായി നഗര കൂട്ടായ്മകള്‍ക്ക് സാങ്കേതിക സഹായം ലഭിക്കുന്നതാണ്. ശിശു സൗഹൃദമാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റം വരുത്താനും വേണ്ട പിന്തുണ ലഭിക്കും. ആറ് മാസം കൊണ്ട് പൈലറ്റ് പ്രൊജക്ട് നടപ്പാക്കി ആദ്യഘട്ട നടപടികളുടെ വിജയം വിലയിരുത്തുന്നതിന് അവസരം ഒരുക്കണം.