September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി ഡിജിലോക്കറിലെ രേഖകള്‍ മതി

ഡിജിലോക്കറുമായി പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം ബന്ധിപ്പിക്കുന്ന പദ്ധതി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡെല്‍ഹി: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി ഡിജിലോക്കറിലെ രേഖകള്‍ സ്വീകരിക്കും. ഡിജിലോക്കറുമായി പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം ബന്ധിപ്പിക്കുന്ന പദ്ധതി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് കടലാസ് രഹിതമായി രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയും. കടലാസ് രേഖകള്‍ കൂടെ കരുതേണ്ട ആവശ്യം വരില്ല.

ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പാസ്‌പോര്‍ട്ട് സേവ പ്രോഗ്രാം വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇപ്പോള്‍ ഡിജിലോക്കറുമായി ബന്ധിപ്പിച്ചുവെന്നും വി മുരളീധരന്‍ പറഞ്ഞു. ഡിജിലോക്കറിലെ രേഖകളിലൊന്നായി പാസ്‌പോര്‍ട്ടിനെയും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി അറിയിച്ചു. പാസ്‌പോര്‍ട്ട് നഷ്ടപ്പെടുക, പുതുക്കല്‍ എന്നീ സാഹചര്യങ്ങളില്‍ ഡിജിലോക്കറില്‍ സൂക്ഷിച്ച പാസ്‌പോര്‍ട്ട് ഉപകരിക്കും.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനുകീഴില്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അവതരിപ്പിച്ചതാണ് ഡിജിലോക്കര്‍ പ്ലാറ്റ്‌ഫോം. യഥാര്‍ത്ഥ ഡിജിറ്റല്‍ രേഖകള്‍ കൈവശം സൂക്ഷിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ പൗരന്‍മാരുടെ ഡിജിറ്റല്‍ ശാക്തീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഡിജിലോക്കറില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ക്ക് അതാത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന കടലാസ് രേഖകളുടെ അതേ മൂല്യമുണ്ടായിരിക്കും. അംഗീകൃതവുമാണ്.

പൗരന്‍മാര്‍ക്കായി ഇ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്ര സര്‍ക്കാരെന്ന് മുരളീധരന്‍ പറഞ്ഞു. ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് കുറേക്കൂടി സുരക്ഷിതമാണ്. കൃത്രിമം കാണിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. വരും വര്‍ഷങ്ങളില്‍ ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കും. വിമാനത്താവളങ്ങളില്‍ ഓട്ടോമാറ്റിക് ഇ പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം വേര്‍ഷനില്‍ നിര്‍മിത ബുദ്ധി (എഐ), മഷീന്‍ ലേണിംഗ്, ചാറ്റ്‌ബോട്ട്, അനലിറ്റിക്‌സ്, റോബോട്ടിക് പ്രൊസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) എന്നീ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് കടലാസ് രഹിത നടപടികള്‍ക്കായി എല്ലാവരും ഡിജിലോക്കര്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

Maintained By : Studio3