November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി സ്‌കോഡ കുശാക്ക്  

വിപണി അവതരണവും വില പ്രഖ്യാപനവും പിന്നീട് നടക്കും 
സ്‌കോഡ കുശാക്ക് കോംപാക്റ്റ് എസ്‌യുവി ഒടുവില്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) വാഹനമാണ് സ്‌കോഡ ഓട്ടോ ഇന്ത്യ അനാവരണം ചെയ്തത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായ ആദ്യ ഉല്‍പ്പന്നമാണ് സ്‌കോഡ കുശാക്ക്. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റ് എസ്‌യുവിയാണ് കുശാക്ക് എന്ന പേര് നല്‍കി വിപണിയിലെത്തിക്കുന്നത്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ കോംപാക്റ്റ് എസ്‌യുവി ലഭിക്കും. സ്‌കോഡ ലൈനപ്പില്‍ കുശാക്കിന് മാത്രമായി നല്‍കിയതാണ് അവസാന രണ്ട് കളര്‍ ഓപ്ഷനുകള്‍. വിപണി അവതരണവും വില പ്രഖ്യാപനവും പിന്നീട് നടക്കും.

വിഷന്‍ ഐഎന്‍ കണസെപ്റ്റുമായി വളരെ സാമ്യമുള്ളതാണ് പ്രൊഡക്ഷന്‍ സ്‌പെക് സ്‌കോഡ കുശാക്ക്. മുന്നില്‍ സ്‌കോഡയുടെ സവിശേഷ ക്രോം ഗ്രില്‍ കാണാം. ഗ്രില്ലിന് ഇരുവശങ്ങളിലുമായി സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും നല്‍കി. 17 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ സ്‌പോര്‍ട്ടിയാണ്. ഡുവല്‍ ടോണ്‍ ബംപറുകള്‍, ടെയ്ല്‍ഗേറ്റില്‍ ‘സ്‌കോഡ’ എഴുത്ത് എന്നിവയും കാണാന്‍ കഴിഞ്ഞു. സ്‌കോഡ എസ്‌യുവികളുടെ ഡിസൈന്‍ സൂചകങ്ങളുടെ ഭാഗമായ ക്രിസ്റ്റലിന്‍ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ലഭിച്ചു. താഴ്ന്ന, മധ്യ വേരിയന്റുകളില്‍ നല്‍കുന്നത് യഥാക്രമം 16 ഇഞ്ച് സ്റ്റീല്‍ റിമ്മുകളും 16 ഇഞ്ച് അലോയുകളുമായിരിക്കും.

സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,221 എംഎം, 1,760 എംഎം, 1,612 എംഎം എന്നിങ്ങനെയാണ്. സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസുമായാണ് സ്‌കോഡ കുശാക്ക് വരുന്നത്. അതായത്, 2,651 മില്ലിമീറ്റര്‍. 188 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം നല്‍കി സമതുലിതവും മാന്യമായി ഡിസൈന്‍ ചെയ്തതുമാണ് കാബിന്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വയര്‍ലെസ് ‘മിറര്‍ലിങ്ക്’ എന്നിവ സഹിതം 10 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍, എംഐഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് സ്പീക്കറുകള്‍ സഹിതം മ്യൂസിക് സിസ്റ്റം, 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ കണ്ണാടികള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, വയര്‍ലെസ് ചാര്‍ജര്‍, മൈ സ്‌കോഡ കണക്റ്റ് തുടങ്ങിയവ ലഭിച്ചു.

ആറ് എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകളും വൈപ്പറുകളും, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം ഉള്‍പ്പെടെ സുരക്ഷാ ഫീച്ചറുകളാണ്.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ സ്‌കോഡ കുശാക്ക് ലഭിക്കും. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ എന്‍ജിന്‍ 113 ബിഎച്ച്പി കരുത്തും 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ എന്‍ജിന്‍ 147 ബിഎച്ച്പി കരുത്തും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് (1.0 ലിറ്റര്‍ ടിഎസ്‌ഐ), 7 സ്പീഡ് ഡിഎസ്ജി (1.5 ലിറ്റര്‍ ടിഎസ്‌ഐ) എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3