എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് കുറച്ചു

ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പ പലിശനിരക്ക് 6.95 ശതമാനത്തില്‍ നിന്ന് 6.70 ശതമാനമായി കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള പുതിയ ഭവന വായ്പകള്‍ക്ക് 6.70 ശതമാനം മുതലായിരിക്കും പലിശ നിരക്കെന്ന് ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എസ്ബിഐ വ്യക്തമാക്കി. മേയ് 1 മുതല്‍ പുതിയ നിരക്കുപകള്‍ പ്രാബല്യത്തില്‍ വന്നു
30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെയുള്ള എസ്ബിഐ ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് 6.95 ശതമാനം മുതലായിരിക്കും. 75 ലക്ഷത്തിന് മുകളിലുള്ള എസ്ബിഐ ഭവനവായ്പയ്ക്ക് 7.05 ശതമാനത്തിലാണ് പലിശ നിരക്കുകള്‍ ആരംഭിക്കുക. ഭവന വായ്പാ പലിശനിരക്കില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് 0.05 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്ബിഐ യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവര്‍ക്കും അഞ്ച് ബിപിഎസ് പലിശ ഇളവ് ലഭിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. എസ്ബിഐ ഭവനവായ്പാ കാല്‍ക്കുലേറ്റര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് 6.95 ശതമാനം (മുമ്പത്തെ നിരക്ക്) പലിശ നിരക്ക് വെച്ച് പ്രതിമാസം അടക്കേണ്ടിയിരുന്നത് 26,881 രൂപയാണ്. ശനിയാഴ്ചത്തെ പ്രഖ്യാപനത്തിനുശേഷം, എസ്ബിഐ ഭവനവായ്പ പലിശ നിരക്ക് 6.70 ശതമാനം ആകുമ്പോള്‍, 15 വര്‍ഷത്തേക്ക് എടുത്ത 30 ലക്ഷം രൂപ ഭവനവായ്പയുടെ പ്രതിമാസ ഇഎംഐ 26,464 രൂപയായിരിക്കുമെന്ന് എസ്ബിഐ കാല്‍ക്കുലേറ്റര്‍ വ്യക്തമാക്കുന്നു.