അല്‍-സൗദ ടൂറിസം പദ്ധതിയില്‍ സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
1 min readസൗദി അറേബ്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ അല്‍-സൗദ ഉള്‍പ്പെടുന്ന പ്രദേശത്ത് 2,700 ഹോട്ടല്‍ മുറികളും 1,300 വീടുകളും നിര്‍മിക്കുന്ന സൗദ ഡെവപല്‌മെന്റിന്റെ മെഗാ ടൂറിസം പദ്ധതിയാണിത്
റിയാദ്: സൗദി-യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വ്വത മേഖലയില്‍ സൗദ ഡെവലപ്‌മെന്റ് പദ്ധതിയിടുന്ന ടൂറിസം പ്രോജക്ടില്‍ സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 3 ബില്യണ്‍ ഡോളര്‍ (11 ബില്യണ്‍ സൗദി റിയാല്‍) നിക്ഷേപിക്കും. രാജ്യത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ അല്‍-സൗദ ഉള്‍പ്പെടുന്ന മേഖലയില്‍ 2,700 ഹോട്ടല്‍ മുറികളും 1,300 വീടുകളും നിര്‍മിക്കാനാണ് പദ്ധതി.
സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ
സൗദി അറേബ്യന്‍ നിവാസികള്‍ക്ക് പോലും അല്‍-സൗദ പോലുള്ള വിനോദ സഞ്ചാര സാധ്യതയുള്ള ഇടങ്ങള്‍ രാജ്യത്തുള്ളതായി അറിവില്ലെന്ന് സൗദ ഡെവലപ്‌മെന്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹുസ്സെമ്മിദ്ദീന്‍ അല്‍മദനി പറഞ്ഞു. റിയാദില്‍ നിന്നും ഒരു മണിക്കൂര്‍ വിമാനയാത്ര നടത്തിയാല്‍ ഈ പ്രകൃതി രമണീയമായ സ്ഥലത്തെത്താം. വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും വികസിപ്പിച്ച് കൂടുതല്‍ പണം തദ്ദേശീയമായി ചിലവഴിക്കാന്‍ സൗദി ജനതയെ പ്രേരിപ്പിക്കുകയെന്നത് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കാര പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്. വിദേശികള്‍ക്ക് വളരെ എളുപ്പത്തില്‍ സൗദിയില്‍ എത്തുന്നതിനായി ടൂറിസ്റ്റ് വിസ അവതരിപ്പിച്ചതും വിവാഹിതരാകാത്ത ദമ്പതികള്‍ക്ക് ഹോട്ടലുകളില്‍ ഒരുമിച്ച് കഴിയാനുള്ള അനുമതി നല്‍കിയതുമെല്ലാം ടൂറിസം വരുമാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. മാത്രമല്ല സൗദി വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിച്ചതും കര്‍ശമായ വസ്ത്രധാരണ നിബന്ധനകളില്‍ ഇളവ് അനുവദിച്ചതുമെല്ലാം സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കരണങ്ങള്‍ ലക്ഷ്യമിട്ടാണ്.
സൗദിയിലെ ടൂറിസം അനുബന്ധ പദ്ധതികള്‍ കാര്യക്ഷമമായി പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സൗദ. അടുത്ത കുറച്ച വര്‍ഷത്തേക്ക് പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളര്‍ രാജ്യത്ത് ചിലവഴിക്കുമെന്ന് പിഐഎഫ് വ്യക്തമാക്കിയിട്ടുണ്ട്. റെഡ് സീയിലെ ആഡംബര റിസോര്‍ട്ട് പദ്ധതി, തലസ്ഥാന നഗരമായ റിയാദിന് പുറത്തായി പദ്ധതിയിടുന്ന തീം പാര്‍ക്കും വിനോദ സമുച്ചയവും ഹൈ-ടെക് വ്യവസായങ്ങളെ ലക്ഷ്യമിട്ട് വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പദ്ധതിയിടുന്ന പുതിയ നഗരമായ നിയോം എന്നിവയാണ് പിഐഎഫ് ഫണ്ടിംഗ് നല്‍കുന്ന പ്രധാന ടൂറിസം പദ്ധതികള്‍.
അതേസമയം യെമന്‍-സൗദി ബന്ധത്തെ സൗദ ടൂറിസം പദ്ധതി ബാധിച്ചേക്കുമെന്ന ആരോപണം അല്‍മദനി നിഷേധിച്ചു. സൗദി പിന്തുണയോടെയുള്ള സഖ്യസേനയ്‌ക്കെതിരായി യുദ്ധം ചെയ്യുന്ന യെമനിലെ ഹൂതി വിമതര്‍ കഴിഞ്ഞ മാസം സൗദയിലെ പ്രധാന വിമാനത്താവളത്തിന് നേരെ മിസൈല്‍ അയക്കുകയും ഒരു വിമാനം കത്തിക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരും സഖ്യസേനയും പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് അല്‍മദനി പറഞ്ഞു. അല്‍-സൗദ നിവാസികളെന്ന നിലയില്‍ താനും തന്റെ കുടുംബവും ജീവനക്കാരും അവിടെ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.