സൗദി-പാക്കിസ്ഥാനി സുപ്രീം കോര്‍ഡിനേഷന്‍ കൗണ്‍സിലിനായി ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചു
1 min readപാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് കരാറില്‍ ഒപ്പുവെച്ചത്
ജിദ്ദ: സൗദി സന്ദര്‍ശനത്തിനിടെ സൗദി-പാക് ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവെച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍. സൗദി-പാക്കിസ്ഥാനി സുപ്രീം കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാക് പ്രധാനമന്ത്രിഇ ഇമ്രാന്‍ ഖാനും കരാറില്‍ ഒപ്പുവെച്ചു. 2019ലെ പാക് സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശി ഒപ്പുവെച്ച നിക്ഷേപ കരാറുകളിലെ തടസങ്ങള്‍ നീക്കുകയെന്ന ലക്ഷ്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിനായി രൂപീകരിച്ച സൗദി-പാക്കിസ്ഥാനി സുപ്രീം കോര്‍ഡിനേഷന്‍ കൗണ്‍സിലിനുള്ളത്. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് മുന്നോടിയായി ചൊവ്വാഴ്ച പാക് മന്ത്രിസഭ കൗണ്‍സില്‍ രൂപീകരണ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശിയുടെ ക്ഷണം സ്വീകരിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പാക് പ്രധാനമന്ത്രി സൗദിയിലെത്തിയത്. ജിദ്ദ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇമ്രാനെ സ്വീകരിക്കാനും എംബിഎസ് എത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ള ഉന്നത വ്യക്തിത്വങ്ങളും സൗദിയില്‍ എത്തിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തിയതായി പാക്കിസ്ഥാനിലെ വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം തുടരുമെന്നും നിലവിലെ ഉഭയകക്ഷി രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, പ്രതിരോധ, സുരക്ഷ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആഴത്തിലുള്ളതാക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യാന്‍ ഇരുവരും സമ്മതം അറിയിച്ചതായും വിദേശരകാര്യ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന മയക്കുമരുന്നുകളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും രാസവസ്തുക്കളുടെയും അനധികൃത കടത്ത് തടയുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി സൗദി വാര്‍ത്ത ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. സൗദി വികസന ഫണ്ടും (എസ്എഫ്ഡി) പാക്കിസ്ഥാനും തമ്മിലുള്ള ഊര്‍ജം, അടിസ്ഥാന സൗകര്യം, ഗതാഗതം, ജലം, ആശയവിനിമയം എന്നീ മേഖലകളിലെ അര്‍ഹതയുള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണപാത്രത്തില്‍ ഒപ്പുവെച്ചു.
പാക്കിസ്ഥാനില്‍ സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്തുക, ഊര്‍ജമേഖലയിലെ സഹകരണം മെച്ചപ്പെടുത്തുക, സൗദി അറേബ്യയില്‍ പാക് പൗരന്മാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ വിഷയങ്ങള്‍ക്കാണ് ഇമ്രാന്‍ഖാന്‍ – എംബിഎസ് കൂടിക്കാഴ്ചയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതെന്ന് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഏകദേശം രണ്ട് മില്യണ്‍ പാക്കിസ്ഥാനികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയുമായുള്ള ജമ്മു കശ്മീര്‍ തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഇമ്രാന്‍ഖാന്‍ എംബിഎസുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രശ്‌നപരിഹാര നടപടികളെ കുറിച്ചും പാക് പ്രധാനമന്ത്രി എംബിഎസിനെ അറിയിച്ചു. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നീ വിഷങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.