ഇടക്കാല ഉത്തരവ് : സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്ക് നിബന്ധനയില്‍ ഇളവ്
1 min read
ന്യൂഡെല്‍ഹി: നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് സംബന്ധിച്ച ബിഐഎ (ബിഐഎസ് ആക്റ്റ്, 2016) ചട്ടങ്ങള്‍ പാലിക്കാത്ത ജ്വല്ലറി സ്ഥാപനങ്ങള്‍ക്കെതിരേ നടപടികളെടുക്കുന്നതും പിഴചുമത്തുന്നതും തടഞ്ഞുകൊണ്ട് ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പരിശോധനാ സൗകര്യങ്ങളുടെയും ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുടെയും കാര്യത്തില്‍ അഭാവം നേരിടുന്ന സാഹചര്യത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) തല്‍ക്കാലം ഇതില്‍ തുടര്‍നടപടികള്‍ എടുക്കരുതെന്നാണ് ഉത്തരവ്.
“പുതിയ ചട്ടം സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിക്കുന്നതിനോ വില്‍ക്കുന്നതിനോ മുമ്പായി ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധിതമാക്കുന്നു, ഇത് 2021 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരണം, ഇത് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജ്വല്ലറികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. രാജ്യത്ത് അവരുടെ എണ്ണം 5 ലക്ഷമാണ്,’ കോടതി നിരീക്ഷിച്ചു.
ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് കോടതി വ്യവസായികള്‍ക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ‘രാജ്യത്തെ 733 ജില്ലകളില്‍ 488 ജില്ലകളെങ്കിലും ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളില്ല. ഇപ്പോഴും ഹാള്‍മാര്‍ക്ക് ചെയ്യപ്പെടാത്ത 6,000 കോടി ആഭരണങ്ങള്‍ ഉണ്ട്,’ (ജിജെസി) ചെയര്‍മാന്‍ ആശിഷ് പെഥെ പ്രസ്താവിച്ചു. സ്വര്‍ണാഭരണ, രത്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 5 ലക്ഷത്തോളം വ്യവസായികളെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഇത്.