ചെറുകിട പണപ്പെരുപ്പം മേയില്‍ 6.30%
1 min readആറ് മാസത്തിനിടെ ഇതാദ്യമായാണ് സിപിഐ ഡാറ്റ കേന്ദ്രബാങ്കിന്‍റെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിക്ക് മുകളില്‍ എത്തുന്നത്
ന്യൂഡെല്‍ഹി: മേയ് മാസത്തില്‍ ഇന്ത്യയുടെ ചെറുകിട പണപ്പെരുപ്പം 6.30 ശതമാനമായി ഉയര്‍ന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്കമാക്കുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്‍റെ ഉയര്‍ന്ന സഹിഷ്ണുതാ പരിധി 6 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ളത്. ഇതിനു മുകളിലാണ് മേയിലെ കണക്ക് എന്നതിനാല്‍ അടുത്ത ധനനയ അവലോകനത്തില്‍ ഇത് വലിയ അളവില്‍ പരിഗണിക്കപ്പെടും.
ഏപ്രില്‍ മാസത്തെ സിപിഐ പണപ്പെരുപ്പം 4.23 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4.29 ശതമാനം ചെറുകിട പണപ്പെരുപ്പമാണ് ഏപ്രിലില്‍ ഉള്ളതെന്നാണ് നേരത്തേ പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നത്.
ആറ് മാസത്തിനിടെ ഇതാദ്യമായാണ് സിപിഐ ഡാറ്റ കേന്ദ്രബാങ്കിന്‍റെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിക്ക് മുകളില്‍ എത്തുന്നത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷ കാലയളവില്‍ ചില്ലറ പണപ്പെരുപ്പം ശരാശരി നാല് ശതമാനത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മുകളിലേക്കും താഴേക്കും രണ്ട് ശതമാനം വരെ സഹിഷ്ണുതാ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ പണപ്പെരുപ്പം 5.1 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. സിപിഐ പണപ്പെരുപ്പം ആദ്യ പാദത്തില്‍ 5.2 ശതമാനം, രണ്ടാം പാദത്തില്‍ 5.4 ശതമാനം, മൂന്നാം പാദത്തില്‍ 4.7 ശതമാനം, നാലാം പാദത്തില്‍ 5.3 ശതമാനം എന്നിങ്ങനെയകുമെന്നാണ് നിഗമനം.
ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) മേയില്‍ 5.01 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 1.96 ശതമാനമായിരുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിന് കാരണം. മേയ് മാസത്തില്‍ എണ്ണ വില 30.84 ശതമാനം ഉയര്‍ന്നു. മുട്ട 15.16 ശതമാനവും മാംസവും മത്സ്യവും 9.03 ശതമാനവും പയറുവര്‍ഗ്ഗങ്ങളും ഉല്‍പന്നങ്ങളും 9.39 ശതമാനവും ഉയര്‍ന്നു. പച്ചക്കറി വിഭാഗത്തില്‍ 1.92 ശതമാനം ഇടിവുണ്ടായെങ്കിലും പഴങ്ങള്‍ 11.98 ശതമാനം വളര്‍ച്ച നേടി.
ഇന്ധന- വൈദ്യുതി വിഭാഗത്തില്‍ 11.58 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളും 5.32 ശതമാനവും ഭവന വിഭാഗം 3.86 ശതമാനവും ഉയര്‍ച്ച പ്രകടമാക്കി.