2021 ട്രൈബര്‍ അവതരിപ്പിച്ചതായി റെനോ പ്രഖ്യാപനം
എക്‌സ് ഷോറൂം വില 5.30 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെ
2021 മോഡല്‍ റെനോ ട്രൈബര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു. 5.30 ലക്ഷം (ആര്‍എക്‌സ്ഇ മാന്വല്‍) മുതല്‍ 7.65 ലക്ഷം രൂപ (ആര്‍എക്‌സ്‌സെഡ് എഎംടി) വരെയാണ് എക്‌സ് ഷോറൂം വില. ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്‌സെഡ് എന്നീ നാല് വേരിയന്റുകളിലാണ് എംപിവി ലഭിക്കുന്നത്. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് ‘ഈസി ആര്‍’ എഎംടി എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.
2019 ഓഗസ്റ്റിലാണ് റെനോ ട്രൈബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ വില്‍പ്പന കൈവരിക്കുന്നതില്‍ ട്രൈബര്‍ എംപിവി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ക്വിഡ് പോലെ, എതിരാളികള്‍ക്ക് പ്രകോപനമുണ്ടാക്കുന്ന വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് ട്രൈബര്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇതുവരെ 75,000 ല്‍ കൂടുതല്‍ യൂണിറ്റ് ട്രൈബര്‍ വിറ്റുപോയി. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിംഗില്‍ നല്‍കിയ ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍ എന്നിവ 2021 ട്രൈബറിലെ പുതിയ ചില ഫീച്ചറുകളാണ്.
വില പരിഗണിക്കുമ്പോള്‍, മാരുതി സുസുകി എര്‍ട്ടിഗയുടെ താഴെയാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന ഈ എംപിവിയുടെ സ്ഥാനം. പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ചാണ് റെനോ ട്രൈബര്‍ വിപണിയിലെത്തിയത്. ഡാറ്റ്‌സണ്‍ ഗോ പ്ലസ് മാത്രമാണ് എതിരാളി. കഴിഞ്ഞ വര്‍ഷം ഓപ്ഷണലായി എഎംടി നല്‍കിയിരുന്നു. ഇപ്പോള്‍ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും റെനോ ട്രൈബര്‍ ലഭിക്കും. പുതുതായി സീഡര്‍ ബ്രൗണ്‍ എന്ന കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നു. പുറത്തെ റിയര്‍ വ്യൂ കണ്ണാടികളില്‍ എല്‍ഇഡി ടേണ്‍ സിഗ്നലുകള്‍ ലഭിച്ചു. മെറ്റല്‍ മസ്റ്റര്‍ഡ്, ഇലക്ട്രിക് ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ് എന്നിവയാണ് മറ്റ് നാല് കളര്‍ ഓപ്ഷനുകള്‍. ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ആര്‍എക്‌സ്‌സെഡ് വേരിയന്റ് ലഭിക്കും. പ്രായോഗികമായ സീറ്റിംഗ് ക്രമീകരണങ്ങളിലാണ് റെനോ ട്രൈബര്‍ വിപണിയിലെത്തിച്ചത്. 5 സീറ്റ് ക്രമീകരണത്തില്‍ 625 ലിറ്ററാണ് ബൂട്ട് ശേഷി. സെഗ്‌മെന്റില്‍ ഏറ്റവും വലുത്.
ടോപ് വേരിയന്റുകളില്‍ നാല് എയര്‍ബാഗുകള്‍ ഉണ്ടായിരിക്കും. തമിഴ്‌നാട്ടിലെ റെനോ നിസാന്‍ സഖ്യത്തിന്റെ പ്ലാന്റിലാണ് റെനോ ട്രൈബര്‍ നിര്‍മിക്കുന്നത്. ദക്ഷിണാഫ്രിക്ക, സാര്‍ക്ക് മേഖല തുടങ്ങിയ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിലെ കൂടുതല്‍ വിപണികളിലേക്ക് റെനോ ട്രൈബര്‍ കയറ്റിവിടും.
2021 മോഡല്‍ റെനോ ട്രൈബറിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങി. 11,000 രൂപയാണ് ബുക്കിംഗ് തുക. ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താന്‍ കഴിയും. നിലവിലെ അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 71 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സമീപ ഭാവിയില്‍ ടര്‍ബോ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.