ഡിസൈന്‍, ഫീച്ചര്‍ പരിഷ്‌കാരങ്ങളുമായി റിയല്‍മി ബഡ്‌സ് എയര്‍ 2
വില 3,299 രൂപ. റിയല്‍മി ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് രണ്ടിന് വില്‍പ്പന ആരംഭിക്കും
റിയല്‍മി ‘ബഡ്‌സ് എയര്‍ 2’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3,299 രൂപയാണ് വില. 2019 അവസാനത്തോടെ പുറത്തിറക്കിയ റിയല്‍മി ബഡ്‌സ് എയര്‍ മോഡലിന്റെ പിന്‍ഗാമിയാണ് പുതിയ ഹെഡ്‌സെറ്റ്. വയേര്‍ഡ്, വയര്‍ലെസ്, ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ഉള്‍പ്പെടുന്ന റിയല്‍മിയുടെ ഓഡിയോ ലൈനപ്പിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് ബഡ്‌സ് എയര്‍ 2. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) പ്രധാന സവിശേഷതയാണ്. ക്ലോസര്‍ വൈറ്റ്, ക്ലോസര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ റിയല്‍മി ബഡ്‌സ് എയര്‍ 2 ലഭിക്കും. പുതിയ ഉല്‍പ്പന്നത്തിന്റെ സൗണ്ട് ട്യൂണിംഗ് സഹായത്തിനായി അമേരിക്കന്‍ ഇലക്ട്രോണിക് മ്യൂസിക് ഡിജെകളായ ദ ചെയിന്‍സ്‌മോക്കേഴ്‌സിന്റെ സഹായം റിയല്‍മി തേടിയിരുന്നു.
ഇന്ത്യയില്‍ ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ സഹിതം ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ട്രൂ വയര്‍ലെസ് ഹെഡ്‌സെറ്റുകളിലൊന്നാണ് റിയല്‍മി ബഡ്‌സ് എയര്‍ 2. മി, റെഡ്മി, നോയ്‌സ്, ബോട്ട് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെയാണ് റിയല്‍മി വെല്ലുവിളിക്കുന്നത്. എന്നാല്‍ ഈ വിലയില്‍ ഹെഡ്‌സെറ്റിന് എഎന്‍സി ഫീച്ചര്‍ നല്‍കിയത് റിയല്‍മിക്ക് മേല്‍ക്കൈ ലഭിക്കുന്നതിന് ഇടയാക്കും. മാര്‍ച്ച് രണ്ടിന് വില്‍പ്പന ആരംഭിക്കും. റിയല്‍മിയുടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളിലായിരിക്കും ആദ്യം വില്‍പ്പന നടത്തുന്നത്. ഇതേതുടര്‍ന്ന് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി വില്‍ക്കാന്‍ റിയല്‍മി ഉദ്ദേശിക്കുന്നു.
റിയല്‍മി ബഡ്‌സ് എയര്‍ എന്ന മുന്‍ഗാമിയില്‍നിന്ന് വ്യത്യസ്തമായി ബഡ്‌സ് എയര്‍ 2 ഇയര്‍ഫോണുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍, ഫിറ്റ് എന്നിവയാണ് നല്‍കിയിരിക്കുന്നത്. മുന്‍ മോഡലിന് ലഭിച്ചത് ഔട്ടര്‍ ഇയര്‍ ഫിറ്റ് ആണെങ്കില്‍ ഇന്‍ കനാല്‍ ഫിറ്റ് നല്‍കിയാണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്. ഇന്ത്യയില്‍ റിയല്‍മിയുടെ ആദ്യ ട്രൂ വയര്‍ലെസ് ഹെഡ്‌സെറ്റ് ആയിരുന്നു ബഡ്‌സ് എയര്‍. ഡിസൈന്‍, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് ബഡ്‌സ് എയര്‍ 2 വിപണിയിലെത്തിക്കുന്നത്. ഇന്‍ കനാല്‍ ഫിറ്റ്, ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ എന്നിവ പുതിയ ഇയര്‍ഫോണുകളുടെ സവിശേഷതകളാണ്. ആദ്യ മോഡലിന് ലഭിച്ചത് പാസീവ് നോയ്‌സ് ഐസൊലേഷന്‍ ഫീച്ചറായിരുന്നു. 2020 അവസാനത്തോടെ അവതരിപ്പിച്ചതും ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ ലഭിച്ചതുമായ റിയല്‍മി ബഡ്‌സ് എയര്‍ പ്രോ മോഡലിന് നല്‍കിയ സമാന ഫീച്ചറുകളാണ് പുതിയ ഉല്‍പ്പന്നത്തിന് നല്‍കിയത്.
എഎന്‍സി കൂടാതെ, 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍, ട്രാന്‍സ്‌പെറന്‍സി മോഡ് എന്നിവ റിയല്‍മി ബഡ്‌സ് എയര്‍ 2 ഇയര്‍ഫോണുകള്‍ക്ക് ലഭിച്ചു. മൊബീല്‍ ഗെയിമിംഗിന് ഉപകരിക്കുന്ന 88 മില്ലിസെക്കന്‍ഡ് റെസ്‌പോണ്‍സ് ഡിലേ സഹിതം സൂപ്പര്‍ ലോ ലേറ്റന്‍സി മോഡ് നല്‍കി. ഫംഗ്ഷന്‍ കസ്റ്റമൈസേഷന്‍, ഫേംവയര്‍ അപ്‌ഡേറ്റുകള്‍ എന്നിവയ്ക്കായി റിയല്‍മി ലിങ്ക് ആപ്പ് വഴി ബഡ്‌സ് എയര്‍ 2 ഉപയോഗിക്കാന്‍ കഴിയും. ചാര്‍ജിംഗ് കേസില്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് നല്‍കി. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 120 മിനിറ്റ് വരെ പ്ലേബാക്ക് സമയം ലഭിക്കും. മികച്ച കണക്റ്റിവിറ്റി, എഎന്‍സി ലഭ്യമാക്കുന്ന റിയല്‍മി ആര്‍2 ചിപ്പാണ് ഹെഡ്‌സെറ്റിന് കരുത്തേകുന്നത്.