മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് റാംഗ്ലര്‍ നിര്‍മിച്ചുതുടങ്ങി
മാര്‍ച്ച് 15 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
മുംബൈ: ജീപ്പ് റാംഗ്ലര്‍ എസ്‌യുവി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ് 2021 ജീപ്പ് റാംഗ്ലര്‍ അസംബിള്‍ ചെയ്യുന്നത്. തദ്ദേശീയമായി നിര്‍മിച്ച ജീപ്പ് റാംഗ്ലര്‍ അടുത്ത മാസം 15 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു) ഇറക്കുമതി ചെയ്തിരുന്ന മോഡലാണ് ഇപ്പോള്‍ സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) രീതിയില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ 5 സീറ്റര്‍ മോഡലിന്റെ വില ശ്രദ്ധേയമായി കുറയും.
നവീകരിച്ച ഡാഷ്ബോര്‍ഡ് സഹിതം പരിഷ്‌കരിച്ച കാബിന്‍, നാവിഗേഷന്‍ സഹിതം 8.4 ഇഞ്ച് ‘യുകണക്റ്റ് 4സി നാവ്’ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, ഡുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും പുതിയ റാംഗ്ലറില്‍ നല്‍കും. പ്രീമിയം തുകല്‍ അപോള്‍സ്റ്ററി, സര്‍വസജ്ജമായ ഡാഷ്ബോര്‍ഡ് എന്നിവ കാണാന്‍ കഴിയും. വെളുത്ത കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ സഹിതം സോഫ്റ്റ് ടച്ച് തുകല്‍ നല്‍കും.
ഉയര്‍ന്ന കരുത്തേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. പൂര്‍ണമായും പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ഘടിപ്പിക്കും. 4 വീല്‍ ഡ്രൈവ് സംവിധാനം തീര്‍ച്ചയായും നല്‍കും. എസ്യുവിയിലെ ഡിഫ്രെന്‍ഷ്യല്‍ ലോക്കുകള്‍ സെന്റര്‍ കണ്‍സോളിലെ ഇലക്ട്രോണിക് സ്വിച്ച് വഴി ആക്റ്റിവേറ്റ് ചെയ്യാം. സ്വേ ബാറുകള്‍ ഡിസ്‌കണക്റ്റ് ചെയ്യുന്നതിന് ബട്ടണ്‍ ഉണ്ടായിരിക്കും.