വാട്‌സ്ആപ്പിന് പന്ത്രണ്ടു വയസ്സ് തികഞ്ഞു
വാട്‌സ്ആപ്പ് പ്രതിദിനം കൈകാര്യം ചെയ്യുന്നത് നൂറ് കോടി കോളുകള്‍
വണ്‍ സ്‌റ്റോപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യമാണ് വാട്‌സ്ആപ്പ് കാഴ്ച്ചവെയ്ക്കുന്നത്
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: പന്ത്രണ്ട് വയസ്സ് തികഞ്ഞതായി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ശ്രദ്ധേയ പ്രഖ്യാപനം നടത്തി. പ്രതിദിനം ഒരു ബില്യണില്‍ കൂടുതല്‍ കോളുകള്‍ കൈകാര്യം ചെയ്യുന്നതായി കമ്പനി അറിയിച്ചു. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം രണ്ട് ബില്യണില്‍ കൂടുതലാണെന്നും പ്രതിമാസം നൂറ് ബില്യണ്‍ സന്ദേശങ്ങള്‍ അയയ്ക്കപ്പെടുന്നതായും വാട്‌സ്ആപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സ്റ്റാറ്റിസ്റ്റിക്‌സ് കൂടാതെ, പ്രതിദിനം ഒരു ബില്യണില്‍ കൂടുതല്‍ കോളുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതായി ആപ്പ് പ്രഖ്യാപിച്ചു.
2009 ഫെബ്രുവരിയിലാണ് വാട്‌സ്ആപ്പ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. യൂസര്‍മാര്‍ തമ്മില്‍ സ്റ്റാറ്റസ് പങ്കുവെയ്ക്കുന്നവിധമാണ് തുടക്കത്തില്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരുന്നത്. ക്രമേണ പൂര്‍ണതോതിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായി വളര്‍ന്നു. അതുവരെ നിലനിന്നിരുന്ന വോയ്‌സ്, വീഡിയോ കോളുകള്‍ക്ക് ബദലായി വാട്‌സ്ആപ്പ് മാറി. പെയ്‌മെന്റുകള്‍ നടത്തുന്നതിനും സ്റ്റിക്കറുകള്‍ അയയ്ക്കുന്നതിനും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു.
2015 ഫെബ്രുവരിയിലാണ് വോയ്‌സ് കോളിംഗ് സപ്പോര്‍ട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് 2016 നവംബറില്‍ വീഡിയോ കോളിംഗ് സൗകര്യം കൊണ്ടുവന്നു. പിന്നീട് 2018 ഓഗസ്റ്റില്‍, ഗ്രൂപ്പ് വോയ്‌സ് കോളിംഗ്, ഗ്രൂപ്പ് വീഡിയോ കോളിംഗ് സപ്പോര്‍ട്ട് ഏര്‍പ്പെടുത്തി. കോളിംഗ് കൂടാതെ, പെയ്‌മെന്റുകള്‍ നടത്തുന്നതിനും സ്റ്റിക്കറുകളും ജിഫുകളും പങ്കുവെയ്ക്കുന്നതിനും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. വണ്‍ സ്‌റ്റോപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യമാണ് വാട്‌സ്ആപ്പ് കാഴ്ച്ചവെയ്ക്കുന്നത്.
മുന്‍ യാഹൂ ജീവനക്കാരായ ബ്രയാന്‍ ആക്റ്റണ്‍, ജാന്‍ കൂം എന്നിവര്‍ ചേര്‍ന്ന് 2009 ലാണ് വാട്‌സ്ആപ്പ് സ്ഥാപിച്ചത്. 2014 ഫെബ്രുവരിയില്‍ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. സാമൂഹ്യമാധ്യമ ഭീമന്‍ ഏറ്റെടുത്തതോടെ വാട്‌സ്ആപ്പ് പിന്നെയും വളര്‍ന്നുതുടങ്ങി.
വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം പലപ്പോഴും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കിനും ഉപകമ്പനികള്‍ക്കും പങ്കുവെയ്ക്കുന്ന കാര്യത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. പരിഷ്‌കരിച്ച സ്വകാര്യതാ നയം സംബന്ധിച്ച് വാട്‌സ്ആപ്പ് ഈയിടെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് ഈയിടെയാണ് വലിയ വിവാദം ഉടലെടുത്തത്. ഫെബ്രുവരി എട്ടിന് നടപ്പാക്കാനിരുന്ന പുതിയ സ്വകാര്യതാ നയം മെയ് 15 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി അവകാശപ്പെട്ടു.