മേയ് 6ന് ആര്‍ബിഐ-യുടെ ഒഎംഒ
മുംബൈ: പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഒരേസമയം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി റിസര്‍വ് ബാങ്ക് മെയ് 6 ന് ഏകദിന ‘ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്’ നടത്തും. ഒഎംഒ സെഷനില്‍ 10,000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും അതേ മൂല്യത്തിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്‍ക്കുകയും ചെയ്യും.
ഈ ഒഎംഒ പ്രകാരം, അടുത്ത വര്‍ഷം നിലവിലെ ബാന്‍ഡില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന 10,000 കോടി രൂപയുടെ ഹ്രസ്വകാല സെക്യൂരിറ്റികള്‍ റിസര്‍വ് ബാങ്ക് വില്‍ക്കുകയും 2026 നും 2030 നും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന തുല്യ തുകയുടെ ദീര്‍ഘകാല സെക്യൂരിറ്റികള്‍ വാങ്ങുകയും ചെയ്യും. നിലവിലെ പണലഭ്യതയെയും സാമ്പത്തിക സ്ഥിതിയെയും അവലോകനം ചെയ്തുകൊണ്ടാണ് ഈ നടപടിയിലേക്ക് നീങ്ങുന്നതെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തിന്‍റെ സാമ്പത്തിക വീണ്ടെടുപ്പില്‍ ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലുണ്ടായ വലിയ ഇടിവിന്‍റെ പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് നിരീക്ഷണം.