എംഎസ്എംഇ പരിഷ്കരണം ചരിത്രപരമായ നാഴികക്കല്ലെന്ന് മോദി
1 min readചില്ലറ, മൊത്ത വ്യാപാര മേഖലകളെ എംഎസ്എംഇകളായി പരിഗണിക്കുമെന്ന തീരുമാനം പുതിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: ചില്ലറ, മൊത്ത വ്യാപാരത്തെ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖല) വിഭാഗത്തില്‍ പരിഗണിക്കുമെന്ന പുതിയ തീരുമാനം നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികളുടെ ശാക്തീകരണത്തില്‍ ഇത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം. തീരുമാനത്തെ കുറിച്ച് ശനിയാഴ്ച്ചയായിരുന്നു മോദിയുടെ പ്രതികരണം. മുന്‍ഗണനാ വിഭാഗം വായ്പകളുടെ ഗുണം ഇതോടെ വ്യാപാരികള്‍ക്ക് ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യാപാരികളുടെ ഉന്നമനത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.
ചില്ലറ, മൊത്ത വ്യാപാരങ്ങളെ കൂടി ഉള്‍പ്പെടുത്തി എംഎസ്എംഇകള്‍ക്കായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച്ചയാണ് എംഎസ്എംഇ, റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2.5 കോടി ചില്ലറ, മൊത്ത വ്യാപാരികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ചില്ലറ, മൊത്ത വ്യാപാരം എംഎസ്എംഇയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ചില്ലറ, മൊത്ത വ്യാപാരത്തിന് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മുന്‍ഗണനാ മേഖലയിലെ വായ്പയുടെ ഗുണം ലഭിക്കും-ഗഡ്ക്കരി പറഞ്ഞു. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍പ്രകാരം ചില്ലറ, മൊത്ത വ്യാപാരവും ഉദയം രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും.