ചൈനയില്‍ പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിലാണ് അനാവരണം ചെയ്തത്
ബെയ്ജിംഗ്: ചൈനയില്‍ പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തു. ബെയ്ജിംഗ് മോട്ടോര്‍ ഷോയില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്തത്. യുവജനങ്ങളെ ലക്ഷ്യമാക്കിയാണ് പിയാജിയോ വണ്‍ പുറത്തിറക്കുന്നത് എന്ന കാര്യം ഇതില്‍നിന്ന് വ്യക്തമാണ്. ഇറ്റാലിയന്‍ ബ്രാന്‍ഡില്‍നിന്നുള്ള ആഗോള ഇ മൊബിലിറ്റി ഉല്‍പ്പന്നമെന്നാണ് പിയാജിയോ വണ്‍ വിശേഷിപ്പിക്കപ്പെടുന്നത്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിച്ചതാണ് പിയാജിയോ വണ്‍. കൂടെ സെന്‍സര്‍ നല്‍കിയതിനാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസ്‌പ്ലേ ഓട്ടോമാറ്റിക്കായി ബ്രൈറ്റ്, ഡിം ചെയ്യും. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ലൈറ്റിംഗ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ലഭിച്ചു. കീലെസ് സ്റ്റാര്‍ട്ട് സംവിധാനം പ്രതീക്ഷിക്കുന്നു. വേണ്ടത്ര സ്റ്റോറേജ് ശേഷി നല്‍കിയേക്കും.
സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് പിയാജിയോ വണ്‍ വരുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി പ്രതീക്ഷിക്കാം. റിമോട്ട് ട്രാക്കിംഗ്, സ്‌കൂട്ടര്‍ ഡയഗ്നോസ്റ്റിക്‌സ്, ആന്റി തെഫ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും.
പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബെയ്ജിംഗ് മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിക്കും. അതേസമയം, നിരവധി പവര്‍ ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുമെന്ന് പിയാജിയോ വ്യക്തമാക്കി. വിവിധ റേഞ്ച്, ടോപ് സ്പീഡ് ലഭിക്കുംവിധം വ്യത്യസ്ത ബാറ്ററി ശേഷികളിലും പിയാജിയോ വണ്‍ വിപണിയിലെത്തും. സ്‌കൂട്ടറില്‍നിന്ന് പുറത്തെടുക്കാന്‍ കഴിയുന്നതാണ് ലിഥിയം അയണ്‍ ബാറ്ററി പാക്ക്. അതുകൊണ്ടുതന്നെ വീട്ടിനകത്ത് കൊണ്ടുപോയി ചാര്‍ജ് ചെയ്യാം.
വെസ്പ ഇലട്രിക്ക മോഡലിന് താഴെയായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു. ജൂണില്‍ യൂറോപ്യന്‍ വിപണികളില്‍ അരങ്ങേറ്റം നടത്തിയേക്കും. പിയാജിയോ വണ്‍ ഇന്ത്യയില്‍ വരുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.