യമഹ ട്രേസര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു
വിദേശ വിപണികളില്‍ വില്‍ക്കുന്ന ട്രേസര്‍ 700, ട്രേസര്‍ 900 ഇന്ത്യയില്‍ അവതരിപ്പിക്കുമോ ? ഇന്ത്യാ സ്‌പെക് ട്രേസര്‍ വികസിപ്പിക്കുമോ ?
ന്യൂഡെല്‍ഹി: യമഹ ‘ട്രേസര്‍’ എന്ന ബ്രാന്‍ഡ് നാമം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ വിദേശ വിപണികളില്‍ വില്‍ക്കുന്ന ട്രേസര്‍ 700, ട്രേസര്‍ 900 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ അതോ സമാനമായി ഇന്ത്യാ സ്‌പെക് ട്രേസര്‍ വികസിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ആഗോള വിപണികളിലെ മോഡലുകള്‍ അവതരിപ്പിക്കുകയാണെങ്കില്‍ ട്രേസര്‍ 700, ട്രേസര്‍ 900 എന്നിങ്ങനെ ഓപ്ഷനുകള്‍ രണ്ടാണ്. യമഹയുടെ 700 സിസി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയതാണ് ട്രേസര്‍ 700. ഈ ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ 73 എച്ച്പി കരുത്തും 67 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ യമഹയുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്ട് ടൂറര്‍ ആയിരിക്കും മറ്റൊരു സാധ്യതയായ ട്രേസര്‍ 900. യമഹ എംടി 09 ഉപയോഗിക്കുന്ന 3 സിലിണ്ടര്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 119 എച്ച്പി കരുത്തും 93 എന്‍എം ടോര്‍ക്കുമാണ്.
700, 900 സംഖ്യകള്‍ ഉപയോഗിക്കാതെ ‘ട്രേസര്‍’ പേര് മാത്രമാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രേസര്‍ എന്ന പേരില്‍ പുതുതായി ഇന്ത്യാ സ്‌പെക് മോഡല്‍ വികസിപ്പിക്കുന്നത് മറ്റൊരു സാധ്യതയാണ്. ഇന്ത്യാ സ്‌പെക് മോഡലുകള്‍ക്കായി യമഹ നേരത്തെ തങ്ങളുടെ എഫ്‌സെഡ്, ഫേസര്‍ എന്നീ അന്താരാഷ്ട്ര നെയിംപ്ലേറ്റുകള്‍ ഉപയോഗിച്ചിരുന്നു. ഈ പട്ടികയില്‍ അടുത്തത് ഒരുപക്ഷേ ട്രേസര്‍ ആയിരിക്കും.
അങ്ങനെയെങ്കില്‍, പുതിയ മോട്ടോര്‍സൈക്കിളിനായി നിലവിലെ എഫ്‌സെഡ്25 പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും. അതേ എന്‍ജിനും ഷാസിയും ഉപയോഗിക്കുന്നതുകൂടാതെ യമഹ ട്രേസര്‍ 250 മോട്ടോര്‍സൈക്കിളില്‍ അര്‍ധ ഫെയറിംഗ്, നിവര്‍ന്ന എര്‍ഗണോമിക്‌സ്, വീതിയേറിയ സീറ്റുകള്‍, ലഗേജ് സൂക്ഷിക്കുന്നതിന് സൗകര്യം എന്നിവ നല്‍കാനും സാധ്യത കാണുന്നു. കൂടുതലായി ട്രാവല്‍ ചെയ്യുന്ന സസ്‌പെന്‍ഷന്‍, മോശം റോഡുകളും അധികം ദുഷ്‌കരമല്ലാത്ത ഓഫ്‌റോഡുകളും താണ്ടുന്നതിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും പ്രതീക്ഷിക്കാം.
യമഹ ഇന്ത്യയുടെ പദ്ധതികള്‍ സംബന്ധിച്ച് ഇപ്പോള്‍ വാചാലമാകുന്നത് അപക്വമാണെങ്കിലും ബജാജ് ഡോമിനര്‍ 250 പോലുള്ള മോഡലുകളെ വെല്ലുവിളിക്കുന്നതിന് കൂടുതല്‍ താങ്ങാവുന്ന വിലയില്‍ 250 സിസി സ്‌പോര്‍ട്ട് ടൂറര്‍ വിപണിയിലെത്തുന്നത് കാണേണ്ട കാഴ്ച്ച തന്നെയായിരിക്കും.