അഫ്ഗാനിലെ സമാധാനം, മൂന്ന് ദിവസം മാത്രം
1 min readകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ രാജ്യം ഇന്ന് ഉയര്‍ന്നതോതിലാണ് അക്രമങ്ങള്‍ നേരിടേണ്ടിവരുന്നത്. എന്നിരുന്നാലും, മെയ് പകുതിയോടെ മൂന്ന് ദിവസങ്ങളില്‍ അഫ്ഗാനികള്‍ക്ക് അക്രമങ്ങളില്‍നിന്ന് ഒരു മോചനമുണ്ടായി. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും വെവ്വേറെ ഈദ് അല്‍ ഫിത്തറിന് വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചതായിരുന്നു കാരണം. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രതീക്ഷിച്ചതുപോലെ, അത് നീണ്ടുനിന്ന മൂന്ന് ദിവസത്തിനപ്പുറം സ്വാധീനം ചെലുത്തുന്നതില്‍ പരാജയപ്പെട്ടു.
ഇരുപക്ഷവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്ന് കാബൂളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. പതിവ് ദിവസങ്ങളില്‍, പട്ടണങ്ങളും ഗ്രാമങ്ങളും റോഡുകളും പോരാട്ടങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമ്പോള്‍ വെടിനിര്‍ത്തല്‍ അവര്‍ക്ക് ഒരു അനുഗ്രഹമാണ്. ഈ ചുരുങ്ങിയ സമയം പലരും ഏറ്റവും മികച്ചതാക്കി മാറ്റി. ആഘോഷിക്കാനും ഭക്ഷണം കഴിക്കാനുമായി അവര്‍ പുതുവസ്ത്രങ്ങളണിഞ്ഞ് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചു. ചിലര്‍ പ്രവിശ്യാ തലസ്ഥാനങ്ങളായ ഗാര്‍ഡിയസ്, ശരന തുടങ്ങിയ പട്ടണങ്ങളിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകളില്‍ ഈദ് ആഘോഷിച്ചു.
കുട്ടികള്‍പാര്‍ക്കുകളില്‍ കളിപ്പാട്ടവുമായി കളിക്കാനിറങ്ങി.പലപ്പോഴും പ്ലാസ്റ്റിക് തോക്കുകളുപയോഗിച്ച്, അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അല്ലെങ്കില്‍ അഫ്ഗാന്‍ ആണ്‍കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് ഇത്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ സാഹചര്യം ഉപയോഗിച്ചു.
എന്നാല്‍ എല്ലാം തികച്ചും സമാധാനപരമായിരുന്നില്ല. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയവും അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസും നിരവധി പ്രവിശ്യകളില്‍ വെടിനിര്‍ത്തല്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന്‍റെ രണ്ടാം ദിവസമായ മെയ് 14 നാണ് രക്തരൂക്ഷിതമായ സംഭവം നടന്നത്. തലസ്ഥാനമായ കാബൂളിന് വടക്കുപടിഞ്ഞാറ് ജില്ലയായ ഷക്കര്‍ ദാരയിലെ പള്ളിക്കുള്ളില്‍ ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ പള്ളിയിലെ ഇമാം ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വയം പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക വിഭാഗമാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അതുപോലെ, വെടിനിര്‍ത്തലിന്‍റെ ആദ്യ ദിവസം രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒരു വടക്കന്‍ നഗരത്തിലെ സ്ഥോടനത്തിന്‍റെ ഉത്തരവാദിത്തവും അവര്‍തന്നെ ഏറ്റെടുത്തു.
മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ ഒരു പ്രയോജനവുമില്ല, ഞങ്ങള്‍ക്ക് വേണ്ടത് ശാശ്വതമായ വെടിനിര്‍ത്തലാണെന്ന് ഭൂരിപക്ഷം അഫ്ഗാനികളും പറയുന്നു. ഒരു നിമിഷത്തെ സമാധാനത്തിലും ഇപ്പോള്‍ ഈ ജനത അവരുടെ സന്തോഷം പങ്കിടുന്നു. കാരണം പിന്നീട് അങ്ങനെയൊരു അവസരം ഉണ്ടായില്ലെങ്കിലോ എന്ന ഭയം അവര്‍ക്കുണ്ട്. വര്‍ഷത്തില്‍ മൂന്നുദിവസം മാത്രം സമാധാനം,ബാക്കി 362 ദിവസവും യുദ്ധം- പലരും അങ്ങനെയാണ് ഈ നിലപാടിനെ കാണുന്നത്.വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് ഹെല്‍മണ്ട്, ബാഗ്ലാന്‍ തുടങ്ങിയ നിരവധി പ്രവിശ്യകളില്‍ താലിബാന്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു.
വെടിനിര്‍ത്തലിന്‍റെ പിറ്റേന്ന് മെയ് 16 ന് പോരാട്ടം പുനരാരംഭിച്ചു എന്നത് അഫ്ഗാനെ സംബന്ധിച്ചിടത്തോളം ശുഭകരമായ കാര്യമല്ല.
അന്ന് അഫ്ഗാന്‍ നാഷണല്‍ ആര്‍മിയുടെ 215-ആം കോര്‍പ്സ് ക്ലിയറിംഗ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. തെക്കന്‍ പ്രവിശ്യയായ ഹെല്‍മണ്ടില്‍ താലിബാനെ എതിരിടുന്നതിനായി ഉള്ള നടപടിയായിരുന്നു ഇത്. താലിബാന്‍ ഈ പ്രവിശ്യയില്‍ ആക്രമണം തുടരുന്നതില്‍ നിന്ന് അവരെ തടയുന്നതിനുള്ള നീക്കം കൂടിയായിരുന്നു അത്. മാത്രമല്ല, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ബാഗ്ലാന്‍, കാന്ദഹാര്‍, ബാല്‍ഖ് പ്രവിശ്യകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതായും പ്രഖ്യാപിച്ചു.
അതേസമയം, മെയ് 16 ന് അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഏഴിലും ആക്രമണം നടത്തിയതായി താലിബാന്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ വിപുലീകരിക്കുമെന്ന അഭ്യൂഹങ്ങളെ താലിബാന്‍ വക്താവ് വ്യക്തമായി തള്ളിക്കളഞ്ഞതിനാല്‍, അഫ്ഗാന്‍ വീണ്ടും രക്ത രൂക്ഷിതമായ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് വിദൂര സാധ്യതയെങ്കിലും ഉണ്ടാകുമോ എന്ന് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.