സര്‍വെ റിപ്പോര്‍ട്ട് 2021ല്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത് 6.4% ശരാശരി ശമ്പള വര്‍ധന
1 min readന്യൂഡെല്‍ഹി: ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം 2021 ല്‍ ശരാശരി 6.4 ശതമാനം ഉയരുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. 2020ല്‍ ശരാശരി 5.9 ശതമാനം ശമ്പള വര്‍ധന രേഖപ്പെടുത്തിയതില്‍ നിന്നും നേരിയ വര്‍ധനയാണ് ഇത് എന്നും വില്ലീസ് ടവേര്‍സ് വാട്സണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം കമ്പനികളും അടുത്ത 12 മാസത്തേക്ക് നല്ല ബിസിനസ് വരുമാനം പ്രതീക്ഷിക്കുന്നു, 2020 മൂന്നാം പാദത്തിലെ സര്‍വെയില്‍ ഇത് 18 ശതമാനം മാത്രമായിരുന്നു.
റിക്രൂട്ട്മെന്‍റ് പ്രക്രിയകള്‍ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഇന്ത്യയിലെ 10 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് പുതിയ ജീവനക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ പാദത്തില്‍ ഇത് 14 ശതമാനമായിരുന്നു. ശരാശരി, ശമ്പള വര്‍ദ്ധന ബജറ്റിന്‍റെ 20.6% ഉയര്‍ന്ന പ്രകടനം നടത്തുന്ന വിഭാഗത്തിന് ഉള്ളതായിരിക്കും. ഇത് ഇന്ത്യയിലെ മൊത്തം ജീവനക്കാരില്‍ 10.3 ശതമാനമാണ്.
‘ബിസിനസ്സ് വീണ്ടെടുക്കലിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കുന്നുണ്ട്, എന്നാല്‍ ഇത് ശമ്പള വര്‍ദ്ധന ബജറ്റിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ളതുമായ പ്രതിഭകളെ സംരക്ഷിക്കുന്നതിനുള്ള വിഹിതത്തിന് കമ്പനികള്‍ മുന്‍ഗണന നല്‍കാന്‍ സാധ്യതയുണ്ട്, “വില്ലിസ് ടവേഴ്സ് വാട്സണ്‍ ഇന്ത്യ കണ്‍സള്‍ട്ടിംഗ് ഹെഡ് രാജുല്‍ മാത്തൂര്‍ പറഞ്ഞു.
ഹൈടെക്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, റീട്ടെയില്‍ പ്രോജക്റ്റ് എന്നിവയുടെ ശരാശരി ശമ്പള വര്‍ദ്ധനവ് ഏകദേശം 8 ശതമാനമാണ്. ധനകാര്യ സേവനം, ഉല്‍പ്പാദന മേഖല എന്നിവയില്‍ 7 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു, അതേസമയം ബിപിഒ മേഖലയില്‍ പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന 6 ശതമാനമാണ്. ഊര്‍ജ്ജമേഖലയില്‍ 4.6 ശതമാനം എന്ന കുറഞ്ഞ വേതനം മാത്രമാണ് പ്രതീക്ഷിക്കുന്നത്.