ഐപിഒയ്ക്ക് മുന്നോടിയായി ഒല 500 മില്യണ്‍ ഡോളര്‍ സമാഹരിച്ചു
ന്യൂഡെല്‍ഹി: ടെമസെക്കും ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ടായ വാര്‍ബര്‍ഗ് പിന്‍കസിന്‍റെ അഫിലിയേറ്റായ പ്ലം വുഡ് ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡും കാബ് ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഒലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 500 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപത്തിനാണ് ഇത്. ഇന്ത്യന്‍ ഉപഭോക്തൃ ഇന്‍റര്‍നെറ്റ് മേഖലയില്‍ ഈ ഫണ്ടുകള്‍ നടക്കുന്ന ഏറ്റവും വലിയ നിക്ഷേങ്ങളില്‍ ഒന്നാണിതെന്ന് കമ്പനി അറിയിച്ചു. ഭവിഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന ഒല ഐപിഒയ്ക്ക് പദ്ധതിയിടുന്നതിനിടെ ആണ് പുതിയ സമാഹരണം.
‘കഴിഞ്ഞ 12 മാസമായി, ഞങ്ങള്‍ ഞങ്ങളുടെ റൈഡ് ഹെയ്ലിംഗ് ബിസിനസിനെ കൂടുതല്‍ കരുത്തുറ്റതും, ഊര്‍ജ്ജസ്വലവും, കാര്യക്ഷമവുമാക്കി. ലോക്ക്ഡൗണിന് ശേഷമുള്ള ശക്തമായ വീണ്ടെടുക്കലും കോവിഡ് 19 പൊതുഗതാഗതത്തിലെ ഉപഭോക്തൃ മുന്‍ഗണനയില്‍ മാറ്റം വരുത്തിയതും പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയിലാണ്, “ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ അഗര്‍വാള്‍ പറഞ്ഞു.
‘വാര്‍ബര്‍ഗ് പിന്‍കസിനെയും ടെമാസെക്കിനെയും ഞാന്‍ ഒലയിലേക്ക് സ്വാഗതം ചെയ്യുന്നു, ഒപ്പം ഞങ്ങളുടെ അടുത്ത ഘട്ട വളര്‍ച്ചയില്‍ അവരുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നു, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ ടെമസെക് ഒലയിലെ നിക്ഷേപകരാണ്. മൂന്ന് ഭൂഖണ്ഡങ്ങളിലായി നൂറുകോടിയിലധികം ആളുകള്‍ക്ക് മൊബിലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒലയ്ക്കാവുന്നുണ്ട്. ഇലക്ട്രിക് ടൂവീലര്‍ രംഗത്തും വലിയ മുന്നേറ്റത്തിനുള്ള ശ്രമങ്ങളിലാണ് കമ്പനി.