നത്തിംഗ് ഇയര്‍ 1 വില പ്രഖ്യാപിച്ചു
വില 99 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 10,200 രൂപ). ഇന്ത്യയിലെ വില വൈകാതെ പ്രഖ്യാപിച്ചേക്കും
ലണ്ടന്‍: നത്തിംഗ് ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകളുടെ വില പ്രഖ്യാപിച്ചു. 99 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 10,200 ഇന്ത്യന്‍ രൂപ) വില. ആപ്പിള്‍ എയര്‍പോഡുകള്‍, ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സ് എ സീരീസ്, സാംസംഗ് ഗാലക്‌സി ബഡ്‌സ് ലൈവ് എന്നിവയായിരിക്കും സുതാര്യമായ ഡിസൈന്‍ ലഭിച്ച ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകളുടെ എതിരാളികള്‍. ലണ്ടന്‍ ആസ്ഥാനമായി വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പെയ് സ്ഥാപിച്ച പുതിയ സംരംഭമാണ് നത്തിംഗ്. ഈ മാസം 27 നാണ് നത്തിംഗ് ഇയര്‍ 1 ഔദ്യോഗികമായി ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ആദ്യ മൂന്ന് ഉല്‍പ്പന്നങ്ങളിലൊന്നാണ് ഇയര്‍ 1.
യുഎസ്, യുകെ ഉള്‍പ്പെടെയുള്ള വിപണികള്‍ കൂടാതെ ഇന്ത്യയിലും നത്തിംഗ് ഇയര്‍ 1 അവതരിപ്പിക്കും. ഇന്ത്യയിലെ വില വൈകാതെ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ വിപണിയില്‍ വലിയ താല്‍പ്പര്യമാണ് കമ്പനി പ്രകടിപ്പിക്കുന്നത്. മനു ശര്‍മ എന്ന മുന്‍ സാംസംഗ് എക്‌സിക്യൂട്ടീവിനെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നത്തിംഗ് നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി ഈയിടെ ഫ്‌ളിപ്കാര്‍ട്ടുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു.
ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) ഫീച്ചര്‍ സഹിതമാണ് നത്തിംഗ് ഇയര്‍ 1 വരുന്നത്. എഎന്‍സി സപ്പോര്‍ട്ട് കൂടാതെ മൂന്ന് ഹൈ ഡെഫനിഷന്‍ മൈക്രോഫോണുകള്‍ ലഭിച്ചതായിരിക്കും നത്തിംഗ് ഇയര്‍ 1 ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍. എയര്‍പോഡ്‌സ് പ്രോയുടെ സമാന ഫീച്ചറുകള്‍ നല്‍കുമെന്ന് കാള്‍ പെയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കാള്‍ പെയ് വണ്‍പ്ലസ് വിട്ടത്. നത്തിംഗ് സ്ഥാപിച്ചയുടനെ ജിവിയില്‍നിന്ന് (നേരത്തെ ഗൂഗിള്‍ വെഞ്ച്വേഴ്‌സ്) പിന്തുണ ലഭിച്ചു. മറ്റ് പ്രമുഖരും കായ് പെയുടെ പുതിയ സംരംഭത്തില്‍ നിക്ഷേപം നടത്തി. ഇസെന്‍ഷ്യല്‍ എന്ന സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയെ ഈ വര്‍ഷമാദ്യം നത്തിംഗ് ഏറ്റെടുത്തിരുന്നു. മാത്രമല്ല, സ്വീഡന്‍ ആസ്ഥാനമായ ടീനേജ് എന്‍ജിനീയറിംഗ് എന്ന കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.