നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു
1 min readഓങ്കോളജി ഫാര്‍മ പാര്‍ക്കിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: കുറഞ്ഞവിലയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭ്യമാക്കുന്നതിന് കെഎസ്ഡിപിയില്‍ സജ്ജമാക്കിയ നോണ്‍ ബീറ്റാലാക്ടം ഇഞ്ചക്ഷന്‍ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും കാന്‍സര്‍ മരുന്ന് നിര്‍മ്മാണത്തിനുള്ള ഓങ്കോളജി ഫാര്‍മ പാര്‍ക്കിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് കേരളത്തിന്‍റെ ആരോഗ്യ പരിരക്ഷാ രംഗത്ത് ഫലപ്രദമാകുന്ന വ്യാവസായിക പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ആലപ്പുഴയിലെ കെഎസ്ഡിപി ആസ്ഥാനത്ത്, പൂര്‍ണ്ണമായി ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ നിര്‍മ്മിത യന്ത്രസംവിധാനങ്ങളുമായാണ് പുതിയ പ്ലാന്‍റ് സജ്ജമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി കുപ്പിമരുന്നുകള്‍, 1.20 കോടി എല്‍വിപി മരുന്നുകള്‍, 88 ലക്ഷം ഒഫ്താല്‍മിക് തുള്ളിമരുന്നുകള്‍ എന്നിങ്ങനെ 14 ഇനം മരുന്നുകള്‍ പുതിയ പ്ലാന്‍റില്‍ ഉല്‍പ്പാദിപ്പിക്കാനാകും.
കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ദീര്‍ഘനാള്‍ കഴിക്കേണ്ട മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒങ്കോളജി പാര്‍ക്ക് നിര്‍മിക്കുന്നത്. സഹകരണവകുപ്പില്‍ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന പാര്‍ക്കില്‍ 300മില്ലിഗ്രാം ഡോസിലുള്ള 600 ലക്ഷം ടാബ്ലറ്റുകളും 350 മില്ലിഗ്രാം ഡോസിലുള്ള 450 ലക്ഷം കാപ്സ്യൂളുകളും 5 മില്ലി ലിറ്റര്‍ മുതലുള്ള 9 ലക്ഷം ഇഞ്ചക്ഷന്‍ മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
ഈ മരുന്നുകളെല്ലാം 30മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നഷ്ടത്തിലായി അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്ന സ്ഥാപനം വൈവിധ്യവല്‍ക്കരണത്തിലൂടെ ഇന്ന് കോടികളുടെ ലാഭമുണ്ടാക്കി കുതിക്കുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.