നോയ്‌സ് ഫ്‌ളെയര്‍ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി
ഡിസ്‌കൗണ്ട് വില 1,799 രൂപ. യഥാര്‍ത്ഥ വില 3,999 രൂപ
ന്യൂഡെല്‍ഹി: ‘നോയ്‌സ് ഫ്‌ളെയര്‍’ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,799 രൂപയാണ് വില. കിഴിവ് നല്‍കിയശേഷമുളള വിലയാണിത്. 3,999 രൂപയാണ് യഥാര്‍ത്ഥ വില. കാര്‍ബണ്‍ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീന്‍, മിസ്റ്റ് ഗ്രേ, സ്‌റ്റോണ്‍ ബ്ലൂ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആമസോണ്‍, നോയ്‌സ് ഇന്ത്യാ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം.
ഇന്ത്യയിലെ ആദ്യ ടച്ച് എനേബിള്‍ഡ് ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഇയര്‍ഫോണുകളാണ് നോയ്‌സ് ഫ്‌ളെയര്‍ എന്ന് കമ്പനി അറിയിച്ചു. ഇയര്‍ബഡുകളില്‍ അല്ല മറിച്ച് നെക്ക്ബാന്‍ഡിന്റെ അറ്റത്ത് ടച്ച് ഇന്‍പുട്ടുകള്‍ നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിലൂടെ മീഡിയ, കോളുകള്‍ എന്നിവ നിയന്ത്രിക്കാന്‍ കഴിയും. ക്വാല്‍ക്കോമിന്റെ എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലേഷന്‍ (ഇഎന്‍സി) ഫീച്ചര്‍ ലഭിച്ച ഇരട്ട മൈക്രോഫോണുകള്‍ നെക്ക്ബാന്‍ഡില്‍ നല്‍കി.
ചെവിയില്‍ കൂടുതല്‍ സുരക്ഷിതമായി വെയ്ക്കുന്നതിന് വിംഗ് ടിപ്പ് സ്റ്റൈല്‍ ഇയര്‍ബഡുകളാണ് നല്‍കിയിരിക്കുന്നത്. 10 എംഎം ഡ്രൈവറുകള്‍ സവിശേഷതയാണ്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. പത്ത് മീറ്ററാണ് വയര്‍ലെസ് പരിധി. ഓട്ടോ പെയറിംഗ്, ഡുവല്‍ പെയറിംഗ് എന്നീ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യും. മാഗ്നറ്റിക് ഇയര്‍ബഡുകള്‍ നല്‍കിയതിനാല്‍ കഴുത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍ പരസ്പരം ഒട്ടിപ്പിടിക്കും. സ്വിഫ്റ്റ്‌കോളര്‍ സാങ്കേതികവിദ്യ സവിശേഷതയാണ്. കോള്‍ വരുമ്പോള്‍ വൈബ്രേഷന്‍ അലര്‍ട്ടുകള്‍ ലഭ്യമാക്കും. കോളുകള്‍ സ്വീകരിക്കുന്നതിന് ഇയര്‍ബഡുകള്‍ വേര്‍പ്പെടുത്തിയാല്‍ മാത്രം മതി.
അതിവേഗ ചാര്‍ജിംഗ്, ഹാന്‍ഡ്‌സ്ഫ്രീ കോളിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യും. 70 ശതമാനം ശബ്ദം ക്രമീകരിച്ചാല്‍ സിംഗിള്‍ ചാര്‍ജില്‍ 35 മണിക്കൂര്‍ വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. എട്ട് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ പ്ലേടൈം ലഭിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 40 മിനിറ്റ് മതി. ചാര്‍ജിംഗ് ഇന്‍ഡിക്കേറ്റര്‍ നല്‍കി. വെള്ളം പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്5 സുരക്ഷാ റേറ്റിംഗ് സവിശേഷതയാണ്. 37 ഗ്രാം മാത്രമാണ് ഭാരം.