സബ്‌കോംപാക്റ്റ് എസ്‌യുവി നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നു
ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ വിപണികളിലേക്കാണ് കയറ്റുമതി
കൊച്ചി: ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ വിപണികളിലേക്ക് നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നു. 2020 ഡിസംബറിലാണ് സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2021 മെയ് അവസാനം വരെ 15,010 യൂണിറ്റ് നിസാന്‍ മാഗ്നൈറ്റ് നിര്‍മിച്ചു. ആഭ്യന്തര വിപണിക്കായി 13,790 യൂണിറ്റ്, കയറ്റുമതി ആവശ്യങ്ങള്‍ക്കായി 1,220 യൂണിറ്റ് ഉള്‍പ്പെടെയാണിത്.
മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നയത്തില്‍ അധിഷ്ഠിതമായാണ് നിസാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നേപ്പാളില്‍ നിസാന്‍ മാഗ്‌നൈറ്റ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ വിജയം ആവര്‍ത്തിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ 760 ലധികം ബുക്കിംഗ് നേടാന്‍ നിസാന്‍ മാഗ്‌നൈറ്റിന് കഴിഞ്ഞു. നേപ്പാള്‍ വിപണിയില്‍ പ്രതിമാസ യാത്രാ വാഹന വില്‍പ്പന 1,580 യൂണിറ്റ് മാത്രമാണ്.
നിസാന്‍ മാഗ്നൈറ്റിന് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറ്റമറ്റ രൂപകല്‍പ്പനയും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ലഭിച്ച നിസാന്‍ മാഗ്‌നൈറ്റ് ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ സവിശേഷമായ ഇടം കണ്ടെത്തി. നിസാന്‍ മാഗ്നൈറ്റിന് നേപ്പാള്‍ വിപണിയില്‍ ലഭിച്ച ഉപഭോക്തൃ പ്രതികരണം കൂടുതല്‍ കയറ്റുമതി വിപണികള്‍ നേടാന്‍ പ്രാപ്തമാക്കുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് പറഞ്ഞു.