ഡീലിസ്റ്റിംഗ് ഫ്രെയിംവര്‍ക്ക് ലളിതമാക്കുന്നത് സെബി പരിഗണനയില്‍
തുടര്‍ച്ചയായി വൈരുദ്ധ്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിതമാകുന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്ന് വിലയിരുത്തല്‍
മുംബൈ: ഓപ്പണ്‍ ഓഫര്‍ നല്‍കിയ ശേഷം ഡീലിസ്റ്റിംഗ് ചെയ്യുന്നതിനുള്ള ഒരു പുതിയ ചട്ടക്കൂട് കൊണ്ടുവരാന്‍ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആലോചിക്കുന്നു. നിലവിലെ മാനദണ്ഡമനുസരിച്ച്, വോട്ടുചെയ്യാനുള്ള അവകാശത്തെ പ്രതിനിധീകരിക്കുന്ന ഓഹരികള്‍ ഏറ്റെടുക്കാന്‍ അല്ലെങ്കില്‍ ഒരു ലിസ്റ്റുചെയ്ത കമ്പനിയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഓഹരികള്‍ ഏറ്റെടുക്കുന്നയാള്‍ സമ്മതിച്ചുണ്ടെങ്കില്‍ മറ്റെല്ലാ ഓഹരിയുടമകളുടെയും മൊത്തം ഓഹരിയുടെ 26 ശതമാനം ഓപ്പണ്‍ ഓഫറിന് ലഭ്യമാക്കണം.
അത്തരം ഏറ്റെടുക്കലിനുശേഷം, ഏറ്റെടുക്കുന്ന നിക്ഷേപകന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനം കടന്നേക്കാം. 75 ശതമാനമെന്നത് നിയമപ്രകാരം നിലവിലുള്ള പരമാവധി നോണ്‍ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് പരിധിയാണ്. ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികള്‍ക്കും ചുരുങ്ങിയത് 25 ശതമാനം പൊതുഓഹരി പങ്കാളിത്തം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്, ഈ പരിധി ലംഘിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തിനുള്ളില്‍ പൊതു ഇതര ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്.കൂടാതെ ഏറ്റെടുക്കുന്നയാള്‍ ഓഹരി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യംപ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 75 ശതമാനമായി കുറയ്ക്കുകയും പിന്നീട് 90 ശതമാനമായി ഉയര്‍ത്തുകയും വേണം.
സെബിയുടെ പ്രൈമറി മാര്‍ക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ (പിഎംസി) ഒരു ഉപസമിതി ശുപാര്‍ശ പ്രകാരം ഈ നിബന്ധനകളില്‍ ഇളവു വരുത്തുന്നത് പരിഗണിക്കുകയാണ്. നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നതും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതുമായ ഈ ചട്ടങ്ങള്‍ നീക്കുന്നതിനാണ് പരിശോധനകള്‍ നടക്കുന്നത്.
“തുടര്‍ച്ചയായി വൈരുദ്ധ്യമുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധിതമാകുന്നത് ലിസ്റ്റുചെയ്ത കമ്പനികളുടെ ഏറ്റെടുക്കലില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുകയും ലിസ്റ്റുചെയ്ത കമ്പനികളുടെ മേല്‍ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്നതില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങാന്‍ ഇടയാകുകയും ചെയ്യുന്നു,” ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റെടുക്കല്‍ ചട്ടങ്ങള്‍, എസ്സിആര്‍ആര്‍, ഡീലിസ്റ്റിംഗ് റെഗുലേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് പാനല്‍ അഭിപ്രായപ്പെട്ടു. എങ്കിലും വിപണിയിലെ മത്സര താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.