ബജാജ് പ്ലാറ്റിന 110 എബിഎസ് പുറത്തിറക്കി
മുംബൈ: ബജാജ് പ്ലാറ്റിന 110 എബിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സുരക്ഷാ ഫീച്ചര്‍ ലഭിച്ച കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് 65,926 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിന് 64,685 രൂപയാണ് വില.
ഈ സെഗ്‌മെന്റില്‍ എബിഎസ് ലഭിച്ച ഒരേയൊരു മോട്ടോര്‍സൈക്കിളാണ് ബജാജ് പ്ലാറ്റിന 110. മുന്‍ ചക്രത്തിലാണ് എബിഎസ് നല്‍കിയത്. മുന്നില്‍ 240 എംഎം സിംഗിള്‍ ഡിസ്‌ക്, പിന്നില്‍ 110 എംഎം ഡ്രം എന്നിവയാണ് ബ്രേക്കിംഗ് നിര്‍വഹിക്കുന്നത്. എബിഎസ് നല്‍കിയത് മാത്രമാണ് ഏക മാറ്റം. നിലവിലെ മറ്റ് വേരിയന്റുകളുടെ അതേ സ്‌പെസിഫിക്കേഷനുകള്‍ തുടരും.
115 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8.4 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.
എല്‍ഇഡി ഡിആര്‍എല്‍ സഹിതം ഹാലൊജന്‍ ഹെഡ്‌ലൈറ്റ്, നക്കിള്‍ ഗാര്‍ഡുകള്‍, ക്വില്‍റ്റഡ് സീറ്റുകള്‍, പിന്നില്‍ നൈട്രോക്‌സ് സ്പ്രിംഗ് ഓണ്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍, മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ സഹിതം അലോയ് വീലുകള്‍ എന്നിവ ഫീച്ചറുകളാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഇപ്പോള്‍ എബിഎസ് ഇന്‍ഡിക്കേറ്റര്‍ നല്‍കി. ചാര്‍ക്കോള്‍ ബ്ലാക്ക്, വോള്‍ക്കാനിക് റെഡ്, ബീച്ച് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ബജാജ് പ്ലാറ്റിന 110 എബിഎസ് ലഭിക്കും.