Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ ടിയാഗോ എക്‌സ്ടിഎ വേരിയന്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.99 ലക്ഷം രൂപ. ടിയാഗോയുടെ എഎംടി വേരിയന്റുകളുടെ എണ്ണം നാലായി വര്‍ധിച്ചു

മുംബൈ: ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ എക്‌സ്ടിഎ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ വേരിയന്റ് പുറത്തിറക്കിയതോടെ, ടിയാഗോയുടെ എഎംടി വേരിയന്റുകളുടെ എണ്ണം നാലായി വര്‍ധിച്ചു. എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് എക്‌സ്ടിഎ വേരിയന്റ് വിപണിയിലെത്തിച്ചത്. അതേ ഫീച്ചറുകള്‍ ലഭിച്ചു.

2016 ലാണ് ടാറ്റ ടിയാഗോ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളുടെ വിജയകരമായ ഉല്‍പ്പന്നമായി പിന്നീട് ഈ ഹാച്ച്ബാക്ക് മാറി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ടിയാഗോ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയാണ് ബിഎസ് 6 പാലിക്കുന്ന ടാറ്റ ടിയാഗോ പുറത്തിറക്കിയത്. ഇതോടെ സെഗ്‌മെന്റില്‍ ഏറ്റവും സുരക്ഷിത കാറായി ടിയാഗോ മാറിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ലിമിറ്റഡ് എഡിഷന്‍ ടാറ്റ ടിയാഗോ അവതരിപ്പിച്ചിരുന്നു. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിയാഗോയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ചും ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ നേടിയ വിജയം കണക്കിലെടുത്തുമായിരുന്നു പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.

ഏഴ് ഇഞ്ച് വലുപ്പമുള്ള ഹാര്‍മന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 15 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ എക്‌സ്ടിഎ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ഉപഭോക്തൃ താല്‍പ്പര്യം കണക്കിലെടുത്താണ് ടിയാഗോയുടെ എക്‌സ്ടിഎ വേരിയന്റ് അവതരിപ്പിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (പിവിബിയു) വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. മിഡ് ഹാച്ച് സെഗ്‌മെന്റില്‍ മേല്‍ക്കൈ ലഭിക്കാന്‍ പുതിയ വേരിയന്റ് സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Maintained By : Studio3