ലോകത്തിലെ കരുത്തുറ്റ 5-ാം ബ്രാന്‍ഡായി ജിയോ
ന്യൂഡെല്‍ഹി: ടെലികോം വമ്പന്‍ റിലയന്‍സ് ജിയോ ലോകത്തിലെ ഏറ്റവും കരുത്തുറ്റ അഞ്ചാമത്തെ ബ്രാന്‍ഡാണെന്ന് ‘ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 2021’ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മൂല്യവത്തായതും ശക്തവുമായ ബ്രാന്‍ഡുകളെ കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറിയെന്ന് ചൂണ്ടിക്കാണിക്കുന്നു. 400 ദശലക്ഷം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.
ഈ വര്‍ഷം ആദ്യമായി റാങ്കിംഗില്‍ എത്തുന്ന ജിയോ 100ല്‍ 91.7 ബിഎസ്ഐ സ്‌കോറും എലൈറ്റ് എഎഎ + ബ്രാന്‍ഡ് സ്‌ട്രെംഗ്ത് റേറ്റിംഗും നേടി. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൗജന്യമായി 4 ജി വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യന്‍ ടെലികോം മേഖലയെ ഇളക്കിമറിച്ചു കൊണ്ടാണ് ജിയോ തുടങ്ങിയത്. ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതിയെയും ജിയോ പരിവര്‍ത്തനം ചെയ്തു.
രാജ്യത്തുടനീളമുള്ള ബ്രാന്‍ഡിന്റെ ആധിപത്യം ബ്രാന്‍ഡ് ഫിനാന്‍സിന്റെ വിപണി ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം ബ്രാന്‍ഡ് കൂടിയാണ് ജിയോ. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെലിഫോണ്‍ ബ്രാന്‍ഡായി വെരിസോണിനെ ആണ് കണക്കാക്കുന്നത്.