ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 അവതരിച്ചു
പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസ്, പരിഷ്‌കരിച്ച വിന്‍ഡോ മാനേജ്‌മെന്റ് ഫീച്ചറുകള്‍ ഉള്‍പ്പെടെ നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്തി
റെഡ്മണ്ട്, വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസ്, പരിഷ്‌കരിച്ച വിന്‍ഡോ മാനേജ്‌മെന്റ് ഫീച്ചറുകള്‍ ഉള്‍പ്പെടെ നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് മൈക്രോസോഫ്റ്റിന്റെ ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പ്രധാന വേര്‍ഷന്‍ അവതരിപ്പിച്ചത്. മാത്രമല്ല, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും സപ്പോര്‍ട്ട് ചെയ്യും.
റീഡിസൈന്‍ ചെയ്ത ടാസ്‌ക്ബാര്‍, സ്റ്റാര്‍ട്ട് മെനു എന്നിവയായിരിക്കും ആദ്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ‘മാക്ഒഎസ്’ സ്റ്റൈല്‍ പോലെ മധ്യത്തിലായി ടാസ്‌ക്ബാര്‍ ഐക്കണ്‍ സ്ഥാപിച്ചു. മുന്‍ വിന്‍ഡോസ് പതിപ്പുകളിലെ ഇടതുവശത്ത് നല്‍കിയ ലേഔട്ട് ഒഴിവാക്കി. ക്ലോക്ക്, ഐക്കണുകള്‍ തുടങ്ങിയ പലവക ഇനങ്ങള്‍ ഇപ്പോഴും വലതുവശത്താണ്. ഇതോടെ ഇടതുവശം പൂര്‍ണമായും വിജനമായി.
പുതിയ രൂപകല്‍പ്പനയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം പുതിയ ‘സ്റ്റാര്‍ട്ട്’ മെനുവാണ്. പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസ് സഹിതം മധ്യത്തിലാണ് സ്റ്റാര്‍ട്ട് മെനു നല്‍കിയത്. പുതിയ മെനുവിന് മുകളിലായി സെര്‍ച്ച് ബാര്‍ നല്‍കി. പിന്‍ഡ് ആപ്പുകളും കാണാം. താഴെ റെക്കമെന്‍ഡഡ് ഐറ്റംസ് നല്‍കി. നിങ്ങള്‍ക്ക് ഇപ്പോഴും യൂസര്‍ പ്രൊഫൈല്‍ മാറ്റാനും ഇവിടെ വെച്ച് പിസി പവര്‍ ഓഫ് ചെയ്യാനും കഴിയും.