ആന്‍ഡ്രോയ്ഡില്‍ മൈക്രോസോഫ്റ്റ് ഓഫീസിന് ഡാര്‍ക്ക് മോഡ്
ഇതുവരെ ഐഒഎസ് വേര്‍ഷനില്‍ മാത്രമാണ് ബില്‍റ്റ് ഇന്‍ ഡാര്‍ക്ക് മോഡ് സപ്പോര്‍ട്ട് ലഭിച്ചിരുന്നത്
റെഡ്മണ്ട്, വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഒടുവില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ലഭിച്ചുതുടങ്ങിയിട്ട് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയെങ്കിലും ഇതുവരെ ഐഒഎസ് വേര്‍ഷനില്‍ മാത്രമാണ് ബില്‍റ്റ് ഇന്‍ ഡാര്‍ക്ക് മോഡ് സപ്പോര്‍ട്ട് ലഭിച്ചിരുന്നത്.
നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ് എന്ന് മൈക്രോസോഫ്റ്റിലെ ഒരു പ്രൊഡക്റ്റ് മാനേജര്‍ സൗരബ് നാഗ്പാല്‍ പറഞ്ഞു. പലരും ഡാര്‍ക്ക് മോഡ് ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നത്. മൊബീല്‍ ഡിവൈസുകളില്‍ വായിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഡാര്‍ക്ക് മോഡാണ് കൂടുതല്‍ സുഖകരമായ ദൃശ്യ അനുഭവമെന്ന് ഇവര്‍ പറയുന്നു.
ഇനി നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസിലെ ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പില്‍ സിസ്റ്റം പ്രിഫറന്‍സായി ക്രമീകരിച്ചാല്‍ ഓട്ടോമാറ്റിക്കായി ഡാര്‍ക്ക് മോഡ് എനേബിള്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ആപ്പിലെ ഹോം ടാബില്‍ ഡാര്‍ക്ക് മോഡ് ടോഗിള്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഡാര്‍ക്ക് മോഡ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചുവരികയാണ്. അതുകൊണ്ടുതന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഉടനടി ഈ ഫീച്ചര്‍ കാണാന്‍ കഴിഞ്ഞേക്കില്ല.
വേര്‍ഡ്, എക്‌സെല്‍, പവര്‍പോയന്റ് എന്നിവ ഒരു ആപ്ലിക്കേഷനില്‍ നല്‍കിയതാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ്. പിഡിഎഫ് സ്‌കാനിംഗ് കൂടാതെ വൈറ്റ്‌ബോര്‍ഡുകള്‍, ടെക്‌സ്റ്റ്, ടേബിളുകള്‍ എന്നിവ ഡിജിറ്റല്‍ വേര്‍ഷനുകളായി കാപ്ചര്‍ ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.