2020 അവസാനം മൈക്രോഫിനാന്‍സ് വായ്പാ പോര്‍ട്ട്ഫോളിയോ 2,32,648 കോടിയില്‍
1 min readന്യൂഡെല്‍ഹി: മൈക്രോഫിനാന്‍സ് വ്യവസായത്തിന്‍റെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോ (ജിഎല്‍പി) 2020 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം 2,32,648 കോടി രൂപയായി. 10.1 ശതമാനം വര്‍ധനയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായത്. വ്യവസായത്തിന്‍റെ ജിഎല്‍പി 2019 ഡിസംബര്‍ അവസാനത്തോടെ 2,11,302 കോടി രൂപയായിരുന്നു.
മൈക്രോ വായ്പാ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും വലിയ പങ്ക് 14 ബാങ്കുകളുടേതാണെന്ന് വ്യാവസായിക സംഘടന മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നെറ്റ്വര്‍ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവയുടെ മൊത്തം വായ്പ 97,956 കോടി രൂപയാണ്. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി-എംഎഫ്ഐ) 72,128 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്.
ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് (എസ്എഫ്ബി) മൊത്തം വായ്പ തുക 39,062 കോടി രൂപയാണ്. ഇവയുടെ മൊത്തം വിഹിതം 16.79 ശതമാനം. എന്‍ബിഎഫ്സി 9.06 ശതമാനവും മറ്റ് എംഎഫ്ഐകള്‍ 1.04 ശതമാനവും പങ്കാണ് മൈക്രോഫിനാന്‍സ് മേഖലയില്‍ വഹിക്കുന്നത്.
2020 ഡിസംബര്‍ പാദത്തില്‍ മൈക്രോഫിനാന്‍സ് വ്യവസായത്തിന്‍റെ വായ്പാ വിതരണം 3.86 ശതമാനം ഇടിഞ്ഞ് 59,507 കോടി രൂപയായി. മുന്‍വര്‍ഷം സമാന പാദത്തില്‍ ഇത് 61,894 കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍പാദത്തെ അപേക്ഷിച്ച് വ്യവസായത്തിന്‍റെ വായ്പാ വിതരണം 2020 നാലാം പാദത്തില്‍ 90.4 ശതമാനം വളര്‍ച്ചയുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.