ഇൻവെസ്കോ മ്യൂച്വൽ ഫഫണ്ട് ‘ഫാർമ ആന്റ് ഹെൽത്ത് കെയർ ഫണ്ട്’ എൻഎഫ്ഒ
കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ വളർച്ചാ സാധ്യതകൾ ലക്ഷ്യമിട്ട് ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് പുതിയ ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ ‘ഇൻവെസ്കോ ഇന്ത്യ ഫാർമ ആന്റ് ഹെൽത്ത് കെയർ ഫണ്ട്’ അവതരിപ്പിച്ചു. ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രധാനമായും നിക്ഷേപം നടത്തുന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) 2026 ഓഗസ്റ്റ് 18-ന് ആരംഭിച്ചു. സെപ്റ്റംബർ 1-ന് സമാപിക്കും. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആശുപത്രികൾ, ഡയഗ്നോസ്റ്റിക്സ്, സിഡിഎംഒ, സിആർഒ മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ സേവനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ഫണ്ട് നിക്ഷേപം നടത്തും. ഇൻവെസ്കോ മ്യൂച്വൽ ഫണ്ടിന്റെ ഹെഡ് ഓഫ് ഇക്വിറ്റിയും ഫണ്ട് മാനേജറുമായ ആദിത്യ ഖേമാനിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ബിഎസ്ഇ ഹെൽത്ത് കെയർ ടിആർഐ ആണ് ഫണ്ടിന്റെ ബെഞ്ച്മാർക്ക്. എൻഎഫ്ഒ കാലയളവിൽ കുറഞ്ഞ ലംപ്‌സം നിക്ഷേപം 1,000 രൂപയാണ്. തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. എസ്ഐപി വഴി നിക്ഷേപം ആരംഭിക്കാൻ കുറഞ്ഞത് 100 രൂപ മതി. അലോട്ട്മെന്റ് തീയതി മുതൽ 3 മാസത്തിനകം യൂണിറ്റുകൾ പിൻവലിക്കുകയോ മറ്റൊരു പദ്ധതിയിലേക്ക് മാറ്റുകയോ ചെയ്താൽ 0.50 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കും. 3 മാസത്തിന് ശേഷം യൂണിറ്റുകൾ പിൻവലിച്ചാൽ എക്സിറ്റ് ലോഡ് ബാധകമല്ല. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ ഘടനാപരമായ മാറ്റങ്ങളും ദീർഘകാല വളർച്ചാ സാധ്യതകളും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ഇൻവെസ്കോ അധികൃതർ വ്യക്തമാക്കി.
