മെഴ്‌സേഡസ് ബെന്‍സ് ഇക്യുബി അരങ്ങേറി
ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് എസ്‌യുവിയായ ഇക്യുബി നിര്‍മിച്ചിരിക്കുന്നത്
ഷാങ്ഹായ്: മെഴ്‌സേഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഉപബ്രാന്‍ഡായ ഇക്യു കുടുംബത്തിലെ പുതിയ മോഡല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം നടത്തി. കഴിഞ്ഞയാഴ്ച്ച അനാവരണം ചെയ്ത ഇക്യുഎസ് കൂടാതെ, ഇക്യുഎ, ഇക്യുസി, ഇക്യുവി എന്നീ ഇലക്ട്രിക് മോഡലുകളുടെ നിരയിലാണ് പൂര്‍ണമായും പുതിയ ഇക്യുബി ഇടംപിടിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയിലാണ് ഇക്യുബി അനാവരണം ചെയ്തത്. ആദ്യം ചൈനീസ് വിപണിയില്‍ വില്‍പ്പന ആരംഭിക്കും. ഇതേതുടര്‍ന്ന് ഈ വര്‍ഷം തന്നെ യൂറോപ്പില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷമാണ് അമേരിക്കന്‍ വിപണിയില്‍ എത്തുന്നത്.
മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇക്യുബി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 7 സീറ്റര്‍ മോഡലാണ് ഇക്യുബി. മെഴ്‌സേഡസ് ബെന്‍സ് ഇക്യുബിയുടെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 4684 എംഎം, 1834 എംഎം, 1667 എംഎം, 2829 എംഎം എന്നിങ്ങനെയാണ്. മൂന്നാം നിരയില്‍ 5.4 അടി ഉയരമുള്ളവര്‍ക്കുപോലും ഇരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു.
ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന ജിഎല്‍ബിയുടെ അതേ ഡിസൈന്‍ സവിശേഷതകള്‍ ഇക്യുബിയില്‍ കാണാന്‍ കഴിയും. വ്യത്യസ്ത ഇക്യു ഗ്രില്‍ കൂടാതെ ‘എയ്‌റോ’ വീലുകള്‍, മുന്നിലും പിന്നിലും വ്യത്യസ്തമായ ലൈറ്റിംഗ് എന്നിവ നല്‍കി. വാഹനത്തിനകത്ത്, ഡാഷ്‌ബോര്‍ഡില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയ സ്‌ക്രീന്‍ കാണാം. എംബിയുഎക്‌സ് സിസ്റ്റം സവിശേഷതയാണ്. ജിഎല്‍ബി പോലെ, കാബിനകത്ത് അലുമിനിയം കൊണ്ടുള്ള അലങ്കാരങ്ങള്‍ നല്‍കി.
ഇക്യുബിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളുടെ വിശദാംശങ്ങള്‍ മെഴ്‌സേഡസ് ബെന്‍സ് വെളിപ്പെടുത്തിയിട്ടില്ല. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ വിപണിയിലെത്തും. 66.5 കിലോവാട്ട് ഔര്‍ മുതലുള്ള ബാറ്ററി പാക്ക് നല്‍കും. മോട്ടോറുകള്‍ ഏകദേശം 270 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ‘എഎംജി’ വേരിയന്റുകള്‍ 290 ബിഎച്ച്പി വരെ കരുത്ത് പുറപ്പെടുവിക്കും. ഡബ്ല്യുഎല്‍ടിപി അനുസരിച്ച്, സ്റ്റാന്‍ഡേഡ് മോഡലിന് 470 കിലോമീറ്ററായിരിക്കും ഡ്രൈവിംഗ് റേഞ്ച്. വലിയ ബാറ്ററി പാക്ക് നല്‍കി കൂടുതല്‍ റേഞ്ച് ലഭിക്കുന്ന വേര്‍ഷനും പരിഗണനയിലാണ്. ഇന്ത്യന്‍ വിപണിയിലും മെഴ്‌സേഡസ് ബെന്‍സ് ഇക്യുബി എത്തും.