ഫോക്‌സ്‌വാഗണ്‍ ഐഡി.4 ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍
ലോകത്തെ 28 രാജ്യങ്ങളില്‍നിന്നുള്ള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളായ 93 അംഗ ജൂറിയാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്
2021 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത് ഫോക്‌സ്‌വാഗണ്‍ ഐഡി.4 എന്ന ഓള്‍ ഇലക്ട്രിക് എസ്‌യുവിയാണ്. ലോകത്തെ 28 രാജ്യങ്ങളില്‍നിന്നുള്ള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളായ 93 അംഗ ജൂറിയാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്. ടൊയോട്ട യാരിസ്, ഹോണ്ട ഇ എന്നീ കാറുകളെ പിന്തള്ളിയാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.4 ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിനുമുമ്പ് നാല് തവണ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ കിരീടം ഫോക്‌സ്‌വാഗണ്‍ നേടിയിട്ടുണ്ടെങ്കിലും ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഒരു ഇലക്ട്രിക് വാഹനം ഇതാദ്യമായാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. 2009 നുശേഷം ഇത് അഞ്ചാം തവണയാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫോക്‌സ്‌വാഗണ്‍ നേടുന്നത്.
വേള്‍ഡ് അര്‍ബന്‍ കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയത് ഹോണ്ട ഇ ഇലക്ട്രിക് കാറാണ്. ഹോണ്ട ജാസ്/ഫിറ്റ്, ടൊയോട്ട യാരിസ് മോഡലുകളാണ് ഈ മല്‍സരത്തില്‍ പിന്നിലായത്. 992 തലമുറ പോര്‍ഷ 911 ടര്‍ബോയാണ് ഈ വര്‍ഷത്തെ പെര്‍ഫോമന്‍സ് കാര്‍. ഔഡി ആര്‍എസ് ക്യു8, ടൊയോട്ട ജിആര്‍ യാരിസ് കാറുകള്‍ക്ക് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ്, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, പോള്‍സ്റ്റാര്‍ 2 മോഡലുകളാണ് ലക്ഷ്വറി കാര്‍ അവാര്‍ഡിനായി മല്‍സരിച്ചത്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ സെഡാന്‍ ഈ പുരസ്‌കാരം സ്വന്തമാക്കി. വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ് മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തയ്യാറായില്ല. ഹോണ്ട ഇ, മാസ്ഡ എംഎക്‌സ്30 മോഡലുകളേക്കാള്‍ വിധികര്‍ത്താക്കളെ ആശ്ചര്യപ്പെടുത്തിയത് ഡിഫെന്‍ഡറാണ്.
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ആദ്യ പൂര്‍ണ വൈദ്യുത എസ്‌യുവിയാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.4. മാത്രമല്ല, മോഡുലര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (എംഇബി) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ രണ്ടാമത്തെ മോഡല്‍ കൂടിയാണ്. സാങ്കേതികവിദ്യാപരമായും സമ്പന്നനാണ് ഫോക്‌സ്‌വാഗണ്‍ ഐഡി.4. സമകാലിക ഡിസൈന്‍ ഭാഷയും കാബിനകത്തെ സ്ഥലസൗകര്യം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയതും വിധികര്‍ത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. 77 കിലോവാട്ട്ഔര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് ഉപയോഗിക്കുന്നത്. ഡബ്ല്യുഎല്‍ടിപി അനുസരിച്ച് 520 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. പിറകില്‍ ഘടിപ്പിച്ച സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ 204 എച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 8.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ടോപ് സ്പീഡ്.
2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഐ.ഡി ക്രോസ് കണ്‍സെപ്റ്റാണ് ഐഡി.4 മോഡലായി മാറിയത്. ഫോക്‌സ്‌വാഗണ്‍ ഐഡി.4 അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യും.