എക്‌സ്‌യുവി 100 പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷയുമായി മഹീന്ദ്ര
വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്‌സ് മോഡലിന്റെ എതിരാളി ആയിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 100
മഹീന്ദ്ര എക്‌സ്‌യുവി 500 സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്ന് ഈയിടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചത്. മഹീന്ദ്ര എക്‌സ്‌യുവി 500 നിര്‍ത്തുന്നത് താല്‍ക്കാലികമാണെന്ന് കമ്പനി വ്യക്തമാക്കുകയുണ്ടായി. പുതിയ അവതാരമെടുത്ത് എക്‌സ്‌യുവി 500 തിരികെ വരുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതേസമയം എക്‌സ്‌യുവി 900, എക്‌സ്‌യുവി 400, എക്‌സ്‌യുവി 100 എന്നീ നെയിംപ്ലേറ്റുകള്‍ക്ക് കൂടി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.
പേര് സൂചിപ്പിക്കുന്നത് അനുസരിച്ച്, എക്‌സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ താഴെയായിരിക്കും എക്‌സ്‌യുവി 100 മോഡലിന് സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു. പ്രായം ഏറെയായ കെയുവി 100 എന്‍എക്‌സ്ടി മോഡലിന് പകരമായി വരുന്നതായിരിക്കും എക്‌സ്‌യുവി 100 എന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. സംഭവിക്കുന്നത് ഇങ്ങനെയെങ്കില്‍ മാരുതി സുസുകി ഇഗ്നിസ്, ഫോഡ് ഫ്രീസ്റ്റൈല്‍, വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്‌സ് എന്നിവയുടെ എതിരാളി ആയിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 100.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരു മിനി എസ്‌യുവി പുറത്തിറക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. മിനി എസ്‌യുവികളിലും സെഡാനുകളിലുമല്ല, മറിച്ച് വലിയ എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് ഷാ ഈയിടെ പറഞ്ഞത്. എക്‌സ്‌യുവി 100 സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചോരുന്നതിനോ ഔദ്യോഗിക സ്ഥിരീകരണത്തിനോ കാത്തിരിക്കേണ്ടിവരും.
നിലവില്‍ മഹീന്ദ്ര നിരയിലെ ഏറ്റവും താങ്ങാവുന്ന പാസഞ്ചര്‍ കാറാണ് കെയുവി 100. 5.87 ലക്ഷം മുതല്‍ 7.48 ലക്ഷം രൂപ വരെയാണ് ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില. 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 83 പിഎസ് കരുത്തും 115 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ബിഎസ് 6 പ്രാബല്യത്തില്‍ വന്നതോടെ ഒഴിവാക്കി. സവിശേഷമായ 6 സീറ്റര്‍ വാഹനമാണ് മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി. മുന്‍, പിന്‍ നിരകളില്‍ മൂന്നുവീതം സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.
മഹീന്ദ്ര കെയുവി 100 അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനമായ ഇകെയുവി 100 കൂടി നമുക്ക് കാത്തിരിക്കാം. ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് കാര്‍ ബിസിനസിനായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് മഹീന്ദ്രയുടെ പദ്ധതി. 2025 ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ വിറ്റുപോകുന്ന ഇലക്ട്രിക് വാഹനമായിരിക്കും മഹീന്ദ്ര ഇകെയുവി 100 എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ എതിരാളികള്‍ക്ക് പ്രകോപനമുണ്ടാക്കുന്നവിധം വില നിശ്ചയിക്കേണ്ടിവരും.