വമ്പന്‍ വികസന പദ്ധതി : പ്രധാനമന്ത്രി ഫെബ്രുവരി 14 നു എത്തും ; 6,100 കോടിയുടെ വികസന പദ്ധതികള്‍
1 min read-
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത് 6,100 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍
-
എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും ഔദ്യോഗിക തുടക്കമാകും
-
വമ്പന്‍ പ്രതീക്ഷയില്‍ സംസ്ഥാനം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 നുച്ചയ്ക്ക് കൊച്ചിയിലെത്തും. കേരളത്തില്‍ എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ഔദ്യോഗിക തുടക്കം കുറിക്കുന്നതോടൊപ്പം വമ്പന്‍ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്നതിന് കൂടി മോദിയുടെ വരവ് വഴിവെക്കും. മൊത്തത്തില്‍ 6,100 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, കൊച്ചി ഷിപ്പ് യാര്‍ഡ്, ഫാക്റ്റ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് റിഫൈനറി ക്യാംപസിലാണ് നടക്കുക.
വിമാനമാര്‍ഗം നേവല്‍ ബേസിലാണ് പ്രധാനമന്ത്രി എത്തുക. അതിന് ശേഷം ഹെലികോപ്റ്ററില്‍ റിഫൈനറിയിലെത്തും. മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ ഏറ്റവും പ്രധാനം റിഫൈനറിയിലെ പ്രൊപിലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രൊജക്റ്റാണ് (പിഡിപിപി). ഏകദേശം 6,000 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവിട്ടിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാന്‍ ഇത് സഹായിക്കും. അതിലൂടെ മാത്രം പ്രതിവര്‍ഷം 5,000 കോടി രൂപയുടെ ലാഭമുണ്ടാകും.
പിഡിപിപി ഉല്‍പ്പാദിപ്പിക്കുന്ന അക്രിലേറ്റ്സ്, അക്രിലക് ആസിഡ്, ഓക്സോ ആല്‍ക്കഹോള്‍ തുടങ്ങിയവ പെയ്ന്‍റ് ഉള്‍പ്പടെയുള്ള വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.
25.72 കോടി രൂപയുടെ ഇന്‍റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനലാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്ന മറ്റൊരു പദ്ധതി. കൊച്ചി പോര്‍ട് ട്രസ്റ്റ് എറണാകുളം വാര്‍ഫില്‍ നിര്‍മിച്ചതാണ് അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍. പുതിയ ടെര്‍മിനല്‍ ജെട്ടിയില്‍ 420 മീറ്റര്‍ വരെ നീളമുള്ള വമ്പന്‍ കപ്പലുകള്‍ക്ക് വളരെ എളുപ്പത്തില്‍ നങ്കൂരമിടാം. നിലവിലെ ജെട്ടിയില്‍ 250 മീറ്റര്‍ വരെ നീളമുള്ള കപ്പലുകള്‍ക്കേ നങ്കൂരമിടാന്‍ സാധിക്കുകയുള്ളൂ.
കൊച്ചി ഷിപ്പ് യാര്‍ഡ് ഗിരിനഗര്‍ ക്യാംപസില്‍ ആരംഭിക്കുന്ന നോളജ് ആന്‍ഡ് സ്കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്ന മറ്റൊരു പദ്ധതി. 3.5 ഏക്കറില്‍ വരുന്ന ഈ നൈപുണ്യ വികസന കേന്ദ്രത്തിന് 27.5 കോടി രൂപയാണ് മൊത്തത്തില്‍ ചെലവ് വന്നിരിക്കുന്നത്. ഷിപ്പ് യാര്‍ഡ് ക്യാംപസിലെ മറൈന്‍ എന്‍ജിനീയറിംഗ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സ്റ്റെന്‍ഷനാണ് പുതിയ കേന്ദ്രം.
ഫാക്റ്റിന്‍റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സൗത്ത് കോള്‍ ജെട്ടി പുനര്‍നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. അമോണിയ ഇറക്കുമതിക്കായി 1976ലാണ് കൊച്ചി തുറമുഖത്ത് ഈ ജെട്ടി നിര്‍മിച്ചത്. പദ്ധതിയുടെ മൊത്തം ചെലവ് 20 കോടി രൂപയാണ്.
റോ-റോ സര്‍വീസിനായുള്ള വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും. വില്ലിങ്ഡണ്‍ ഐലന്‍ഡിനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ചുള്ള റോ-റോ സേവനം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. 30 കോടി രൂപയാണ് പദ്ധതിയുടെ ചലവ്. ഇതിനെല്ലാം പുറമെ ബിജെപിയുടെ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും മോദിയുടെ വരവ് ആവേശം നല്‍കും. കോര്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളോടും 14ന് കൊച്ചിയിലെത്താന്‍ ദേശീയനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.