മമത നന്ദിഗ്രാമിലും മത്സരിക്കും
കൊല്‍ക്കത്ത: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിക്കുമെന്ന്് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. തന്റെ വിശ്വസ്തനും മുന്‍ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയോട് നടത്തുന്ന തുറന്ന വെല്ലുവിളിയായി മമതയുടെ ഈ പ്രഖ്യാപനം. കഴിഞ്ഞ മാസം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന വിമത തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി പ്രതിനിധാനം ചെയ്ത നിയമസഭാ മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ സുവേന്ദുവിന് വ്യാപകമായ ജന പിന്തുണയുമുണ്ട്.
ബിജെപിയുടെയും സുവേന്ദുവിന്റെയും ആത്മവിശ്വാസം തകര്‍ക്കാനുള്ള മമതയുടെ നീക്കമായാണ് വിദഗ്ധര്‍ ഈ പ്രഖ്യാപനത്തെ കാണുന്നത്. നന്ദിഗ്രാമില്‍ നടന്ന റാലിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. നന്ദിഗ്രാമില്‍ക്കൂടാതെ കൊല്‍ക്കത്തയിലെ ഭബാനിപ്പൂരിലും മമത മത്സരിക്കുന്നുണ്ട്.
‘ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. ഇത് എന്നെ സംബന്ധിച്ചിടത്തോളം അത്് ഭാഗ്യമാണ്. 294 സീറ്റുകളിലും എനിക്ക് പ്രചാരണം നടത്തേണ്ടിവരുമെന്നതിനാല്‍ നന്ദിഗ്രാമിന് എനിക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. എങ്കിലും കാര്യങ്ങള്‍ (വിജയം) ഉറപ്പാക്കണം’ എന്ന് മമത റാലിയില്‍ പറഞ്ഞു.