റിലയന്‍സ്- ആരാംകോ ഇടപാട് വൈകുന്നതിന്‍റെ പിന്നില്‍ ക്രൂഡ് വിലയിടിവ്
1 min readക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറിലെത്തിയാല്‍ ഇടപാടിന് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് ജെഫറീസ് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും 75 ബില്യണ്‍ ഡോളര്‍ വാര്‍ഷിക ലാഭവിഹിതവുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഓയില്‍-ടു-കെമിക്കല്‍ ബിസിനസില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള സൗദി എണ്ണ കമ്പനി ആരാംകോയുടെ നീക്കം വൈകിപ്പിക്കുന്നതെന്ന് ഗവേഷണ സ്ഥാപനമായ ജെഫറീസിന്‍റെ റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള ഇരട്ട റിഫൈനറികളും പെട്രോകെമിക്കല്‍ ആസ്തികളും അടങ്ങുന്ന ഒ 2 സി ബിസിനസിലെ 20 ശതമാനം ഓഹരി വില്‍ക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ ആരാംകോയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് 2019 ഓഗസ്റ്റിലാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്.
കരാര്‍ 2020 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തിയത് എങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ അത് നീണ്ടുപോകുകയായിരുന്നു. ഇന്ത്യയിലെയും ചൈനയിലെയും ഡൗണ്‍സ്ട്രീം നിക്ഷേപങ്ങളില്‍ സൗദി ആരാംകോ അടുത്തിടെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആര്‍ഐഎല്ലിന്‍റെ ഒ 2 സി ബിസിനസില്‍ നിക്ഷേപം നടത്തി ചൈനയിലെ ഡൗണ്‍സ്ട്രീം നിക്ഷേപ മാതൃക ആവര്‍ത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൂഡ് വിലയിലുണ്ടായ ഇടിവും 75 ബില്യണ്‍ യുഎസ് ഡോളര്‍ വാര്‍ഷിക ലാഭവിഹിതവും ആരാംകോയ്ക്ക് ഇടപാടിലേക്ക് നീങ്ങുന്നതിനുള്ള ശേഷി കുറച്ചെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ബാരലിന് 65 യുഎസ് ഡോളര്‍ വിലയില്‍ ക്രൂഡ് സ്ഥിരത പ്രകടമാക്കിയാല്‍ ഇടപാട് യാഥാര്‍ത്ഥ്യമാകുമെന്നും ജെഫറീസ് വിലയിരുത്തുന്നു.
തങ്ങളുടെ പങ്കാളികളെന്ന നിലയില്‍ നിലവിലുള്ള അവസരങ്ങള്‍ വിലയിരുത്തുന്നതിനായി സൗദി ആരാംകോ ഇപ്പോഴും റിലയന്‍സുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും, റിലയന്‍സുമായി ഒ 2 സി ബിസിനസ്സിനായി ഒപ്പുവെച്ചിട്ടില്ലാത്ത ധാരണാപത്രം സംബന്ധിച്ച് അധികം താമസിയാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ഈ ആഴ്ച ആദ്യം, മോര്‍ഗന്‍ സ്റ്റാന്‍ലി പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.