ബ്ലാക്ക് എഡിഷനില്‍ ട്രയംഫ് റോക്കറ്റ് 3

2021 റോക്കറ്റ് 3 ആര്‍ ബ്ലാക്ക്, റോക്കറ്റ് 3 ജിടി ട്രിപ്പിള്‍ ബ്ലാക്ക് എന്നീ പ്രത്യേക പതിപ്പുകളുടെ ആയിരം യൂണിറ്റ് വീതമായിരിക്കും ലോകമാകെ നിര്‍മിക്കുന്നത്
ലണ്ടന്‍: ട്രയംഫ് റോക്കറ്റ് 3 ആര്‍, റോക്കറ്റ് 3 ജിടി ട്രിപ്പിള്‍ മോട്ടോര്‍സൈക്കിളുകളുടെ ബ്ലാക്ക് എഡിഷന്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. ലിമിറ്റഡ് എഡിഷന്‍ മോഡലുകളാണ് 2021 റോക്കറ്റ് 3 ആര്‍ ബ്ലാക്ക്, റോക്കറ്റ് 3 ജിടി ട്രിപ്പിള്‍ ബ്ലാക്ക് എന്നിവ. രണ്ട് പ്രത്യേക പതിപ്പുകളും ലോകമാകെ ആയിരം യൂണിറ്റ് വീതമായിരിക്കും നിര്‍മിക്കുന്നത്. ഓരോ മോട്ടോര്‍സൈക്കിളിനും വിഐഎന്‍ (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍), സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കും.
കുറേക്കൂടി ഷാര്‍പ്പ് ലുക്ക് ലഭിക്കുന്നതിന് ബ്ലാക്ക് എഡിഷന്‍ മോഡലുകളില്‍ കറുത്ത നിറ സാന്നിധ്യം നല്‍കിയിരിക്കുന്നു. മാറ്റ് ആന്‍ഡ് ഗ്ലോസ് പെയിന്റ് സ്‌കീം, കറുത്ത ഫ്യൂവല്‍ ടാങ്ക് ബാഡ്ജുകള്‍, പുതിയ ബ്ലാക്ക് ബ്രാന്‍ഡിംഗ് എന്നിവ റോക്കറ്റ് 3 ആര്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളിന് ലഭിച്ചു. മൂന്ന് ഷേഡുകളോടുകൂടിയ ബ്ലാക്ക് പെയിന്റ് സ്‌കീമാണ് റോക്കറ്റ് 3 ജിടി ട്രിപ്പിള്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളിന് നല്‍കിയത്. കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്ന റൈഡിംഗ് പൊസിഷന്‍ നിലനിര്‍ത്തി.
രണ്ട് വേര്‍ഷനുകളുടെയും എന്‍ജിന്‍ കവര്‍, എക്‌സോസ്റ്റ് ഹെഡ്ഡറുകള്‍, ഹീറ്റ് ഷീല്‍ഡുകള്‍, എന്‍ഡ് ക്യാപ്പുകള്‍ എന്നിവ കറുപ്പ് നിറത്തിലാണ്. മഡ്ഗാര്‍ഡ് മൗണ്ടുകള്‍, ഹെഡ്‌ലാംപ് ബെസെലുകള്‍, ഫ്‌ളൈസ്‌ക്രീന്‍ ഫിനിഷറുകള്‍, റേഡിയേറ്റര്‍ കൗളുകള്‍, ബാഡ്ജിംഗ് എന്നിവിടങ്ങളിലും കറുത്ത പെയിന്റ് സ്‌കീം കാണാം. ബ്ലാക്ക് എഡിഷന്‍ മോഡലുകളുടെ മുന്നില്‍ കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത മഡ്ഗാര്‍ഡ് സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി നല്‍കി.
ഫോര്‍ക്ക് ലോവറുകള്‍, യോക്കുകള്‍, റൈസറുകള്‍, ഹാന്‍ഡില്‍ബാര്‍ ക്ലാമ്പുകള്‍, ഫൂട്ട്‌പെഗുകള്‍, ഹാങ്ങറുകള്‍, ബ്രേക്ക് പെഡല്‍, ഗിയര്‍ പെഡല്‍ എന്നിവിടങ്ങളിലും കറുപ്പ് കാണാം. മഷീന്‍ഡ് ഡീട്ടെയ്‌ലിംഗ് സഹിതം റിയര്‍ ഫ്രെയിം ഫോര്‍ജിംഗ്, ആര്‍എസ്‌യു റോക്കര്‍, സ്വിംഗ്ആം ഗാര്‍ഡ്, സൈഡ് സ്റ്റാന്‍ഡ്, ബ്രേക്ക് ലിവര്‍, ക്ലച്ച് ലിവര്‍, ബാര്‍ എന്‍ഡ് മിററുകള്‍ എന്നിവയിലും കറുപ്പുനിറം തന്നെ.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. ലോകത്തെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്‍ജിനായ 2,500 സിസി, ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 165 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 221 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 2.73 സെക്കന്‍ഡ് മതി.
ബ്ലാക്ക് എഡിഷന്‍ മോഡലുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് 18.50 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.