പെര്‍ഫോമന്‍സില്‍ വിട്ടുവീഴ്ച്ചയില്ലാതെ ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ
ഇന്ത്യ എക്‌സ് ഷോറൂം വില 4.99 കോടി രൂപ
ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ഹൈ പെര്‍ഫോമന്‍സ് മോഡലായ ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുടെ പകരക്കാരനായി വരുന്ന ഹുറാകാന്‍ എസ്ടിഒ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 കിലോഗ്രാം ഭാരം കുറഞ്ഞവനാണ് ഹുറാകാന്‍ എസ്ടിഒ. ബോഡിവര്‍ക്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചതാണ് ഇതിന് പ്രധാന കാരണം. വിന്‍ഡ്‌സ്‌ക്രീനിന് മാത്രം 20 ശതമാനം ഭാരം കുറഞ്ഞു. ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒയുടെ ആകെ ഡ്രൈ വെയ്റ്റ് 1,339 കിലോഗ്രാമാണ്.
ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെ ഉപയോഗിച്ചിരുന്ന അതേ 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 എന്‍ജിനാണ് പുതിയ മോഡലായ ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒയുടെ ഹൃദയം. പരമാവധി ഏകദേശം 630 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തു. അതേസമയം 565 ന്യൂട്ടണ്‍ മീറ്ററായി ടോര്‍ക്ക് കുറഞ്ഞു. മുന്‍ഗാമിയില്‍ 600 എന്‍എം ആയിരുന്നു. ഈ റിയര്‍ വീല്‍ ഡ്രൈവ് കാറിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.0 സെക്കന്‍ഡും 200 കിമീ വേഗമാര്‍ജിക്കാന്‍ 9.0 സെക്കന്‍ഡും മതി. മണിക്കൂറില്‍ 310 കിലോമീറ്ററാണ് ടോപ് സ്പീഡ്. നിരത്തുകള്‍ക്കായി എസ്ടിഒ, ട്രാക്കുകളില്‍ ഉപയോഗിക്കുന്നതിന് ട്രോഫി, പേര് സൂചിപ്പിക്കുന്നതുപോലെ റെയ്ന്‍ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ നല്‍കി.
ബ്ലൂ ലോഫി, കാലിഫോര്‍ണിയ ഓറഞ്ച് എന്ന ഡുവല്‍ ടോണ്‍ പെയിന്റ് ജോബ് ലഭിച്ച ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ അതീവ സുന്ദരനാണ്. റോഡ്, ട്രാക്ക് കോണ്‍ഫിഗറേഷനുകള്‍ സഹിതം ‘ബ്രിഡ്ജ്‌സ്‌റ്റോണ്‍ പുതന്‍സ’ ടയറുകള്‍ പൊതിഞ്ഞ 20 ഇഞ്ച് മഗ്നീഷ്യം വീലുകള്‍ ഈ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാണ്. മുന്നില്‍ ഡബ്ല്യു ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സവിശേഷ സ്വെപ്റ്റ്ബാക്ക്് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കാണാം. ബോണറ്റിലും മുന്നിലെ ബംപറിലും ഓറഞ്ചുനിറ സാന്നിധ്യം, കറുത്ത ഡിഫ്യൂസര്‍ എന്നിവയും നല്‍കി. മികച്ച കൂളിംഗ് ലഭിക്കുന്നതിന് എയര്‍ സ്‌കൂപ്പ് നല്‍കിയതാണ് ഹുഡ് ലിഡ്.
പിറകില്‍, ഓറഞ്ചുനിറ സാന്നിധ്യത്തോടെ വലിയ സ്‌പോയ്‌ലര്‍, സ്ലീക്ക് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഉയര്‍ത്തി സ്ഥാപിച്ച ഇരട്ട എക്‌സോസ്റ്റ് പൈപ്പുകള്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ ലഭിച്ചു. ക്രമീകരിക്കാവുന്ന സ്‌പോയ്‌ലര്‍ നല്‍കിയതിനാല്‍ എയ്‌റോഡൈനാമിക് ക്ഷമത 37 ശതമാനം വര്‍ധിച്ചു. ഹുറാകാന്‍ പെര്‍ഫൊര്‍മാന്റെയേക്കാള്‍ 53 ശതമാനം കൂടുതല്‍ ഡൗണ്‍ഫോഴ്‌സ് മറ്റൊരു സവിശേഷതയാണ്. പിറകിലെ ബോണറ്റില്‍ ഷാര്‍ക്ക് ഫിന്‍ നല്‍കി.
കാബിന്‍, ഫീച്ചറുകള്‍ എന്നിവ പറഞ്ഞുതുടങ്ങിയാല്‍, പുറമേ കണ്ട കാഴ്ച്ചകള്‍ക്ക് അനുസൃതമാണ് കാറിനകം. ലംബോര്‍ഗിനിയുടെ ‘കാര്‍ബണ്‍സ്‌കിന്‍’ ഉപയോഗിച്ച് കാബിന്‍ ഏതാണ്ട് പൂര്‍ണമായും മികച്ച രീതിയില്‍ അലങ്കരിച്ചു. അല്‍ക്കാന്ററയേക്കാള്‍ ഭാരം കുറഞ്ഞതാണ് ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളുടെ സ്വന്തമായ കാര്‍ബണ്‍സ്‌കിന്‍ എന്ന ഫാബ്രിക്. സ്‌പോര്‍ട്ട് സീറ്റുകള്‍, സ്റ്റിയറിംഗ് വളയം, ഡാഷ്‌ബോര്‍ഡ് എന്നിവ അലങ്കരിക്കാന്‍ കാര്‍ബണ്‍സ്‌കിന്‍ ഉപയോഗിച്ചു. സ്റ്റിയറിംഗ്, ഡാഷ് എന്നിവിടങ്ങളില്‍ നീല കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ കാണാമെങ്കില്‍ ഓറഞ്ച് പൈപ്പിംഗ്, തുന്നല്‍ എന്നിവ ലഭിച്ചതാണ് സ്‌പോര്‍ട്ട് സീറ്റുകള്‍, 4 പോയന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ. ഡോര്‍ കാര്‍ഡുകളായും ഫ്‌ളോര്‍ മാറ്റുകള്‍ക്ക് പകരമായും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു. കാറിന്റെ ഭാരം പരമാവധി കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്തത്.
പുതിയ ഹ്യൂമന്‍ മഷീന്‍ ഇന്റര്‍ഫേസ് (എച്ച്എംഐ) ഗ്രാഫിക്‌സ് ഫീച്ചര്‍ സഹിതമാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചത്. ഡ്രൈവ് മോഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഡിവിഐ സിസ്റ്റം, ടയര്‍ പ്രഷര്‍, ബ്രേക്കുകളിലെ ചൂട് എന്നിവയെല്ലാം ഇവിടെ കൈകാര്യം ചെയ്യാം. റേസ്ട്രാക്കുകളിലെ തങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനുമായി ഫുള്ളി കണക്റ്റഡ് ടെലിമെട്രി സിസ്റ്റം നല്‍കി. ‘ലംബോര്‍ഗിനി ഉണിക്ക’ ആപ്പ് വഴി ഈ ഡാറ്റ വിശകലനം ചെയ്യാം.