അഞ്ച് മോഡലുകളുമായി കെടിഎം 490 വരും
കെടിഎം 490 കുടുംബത്തില്‍ ആകെ അഞ്ച് മോഡലുകള്‍ ഉണ്ടായിരിക്കുമെന്ന് പിയറര്‍ മൊബിലിറ്റിയുടെ പ്രസന്റേഷന്‍ വ്യക്തമാക്കുന്നു. 2022 മോഡലുകളായി വിപണികളിലെത്തും
മാറ്റിഗോഫെന്‍: ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതുതായി 490 സീരീസ് വികസിപ്പിക്കുകയാണ്. പുതിയ പാരലല്‍ ട്വിന്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ഈ സീരീസിന്റെ ഭാഗമായി അഞ്ച് മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. കെടിഎം 490 കുടുംബത്തില്‍ ആകെ അഞ്ച് മോഡലുകള്‍ ഉണ്ടായിരിക്കുമെന്ന് കെടിഎമ്മിന്റെ ഒരു മാതൃ കമ്പനിയായ പിയറര്‍ മൊബിലിറ്റിയുടെ പ്രസന്റേഷന്‍ വ്യക്തമാക്കുന്നു. കെടിഎം ഓഹരികളില്‍ 51.7 ശതമാനം പിയറര്‍ മൊബിലിറ്റിയും 48 ശതമാനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമാണ് കൈവശം വെയ്ക്കുന്നത്.
കെടിഎം 490 ഡ്യൂക്ക്, കെടിഎം 490 അഡ്വഞ്ചര്‍ എന്നീ മോഡലുകള്‍ ഈ സീരീസില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യത ഏറെയാണ്. ആര്‍സി 490 ആയിരിക്കും മൂന്നാമത്തെ മോഡല്‍. കൂടാതെ ആഗോള വിപണികള്‍ക്കായി എന്‍ഡ്യൂറോ, സൂപ്പര്‍മോട്ടോ മോഡലുകളും പുതിയ 490 സീരീസില്‍ ഉള്‍പ്പെടുമെന്നാണ് പുതിയ വിവരം. 2022 മോഡലുകളായി കെടിഎം 490 ആഗോള വിപണികളിലെത്തും.
കെടിഎം 390 ഡ്യൂക്ക്, ആര്‍സി 390, 390 അഡ്വഞ്ചര്‍ മോഡലുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെങ്കില്‍, പുതിയ 490 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യതയില്ല. അതേസമയം, ഈ ബൈക്കുകള്‍ ഉപയോഗിക്കുന്ന പുതിയ പാരലല്‍ ട്വിന്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത് ബജാജ് ഓട്ടോയുടെ പുതിയ പ്ലാന്റിലായിരിക്കുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. കെടിഎം 390 ബൈക്കുകള്‍ ഉപയോഗിക്കുന്നത് 43 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 373 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പുതിയ 490 സീരീസിലെ ബൈക്കുകള്‍ ഇതിനേക്കാള്‍ വളരെ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കും.
ഏതെങ്കിലും പാരലല്‍ ട്വിന്‍ എന്‍ജിന്‍ നിര്‍മിക്കാന്‍ പദ്ധതിയില്ലെന്ന് ബജാജുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ കെടിഎമ്മിന്റെ ചൈനീസ് പങ്കാളിയായ സിഎഫ്‌മോട്ടോ ഈ പുതിയ 490 പ്ലാറ്റ്‌ഫോം നിര്‍മിക്കാനാണ് സാധ്യത. കെടിഎം 890 ബൈക്കുകള്‍ക്കായി വലിയ പാരലല്‍ ട്വിന്‍ എന്‍ജിനുകള്‍ നിര്‍മിക്കുന്നത് സിഎഫ്‌മോട്ടോയാണ്.
കെടിഎം 490 ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമോയെന്നാണ് അറിയേണ്ടത്. ഇന്ത്യയില്‍ നിര്‍മിക്കുമെങ്കില്‍ ഈ മിഡ്‌സൈസ് ബൈക്കുകള്‍ തീര്‍ച്ചയായും ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കും. ചൈനയിലാണ് നിര്‍മിക്കുന്നതെങ്കില്‍ സിബിയു, സികെഡി മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടിവരും.