Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ഏഥര്‍ സ്‌കൂട്ടറിന് ഡിസൈന്‍ പാറ്റന്റ്

 നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് പുതിയ മോഡല്‍. 125 സിസി മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ അളവുകള്‍ ഉണ്ടായിരിക്കും  

ന്യൂഡെല്‍ഹി: പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ എനര്‍ജി ഇന്ത്യയില്‍ പാറ്റന്റ് നേടി. നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് പുതിയ മോഡല്‍. 125 സിസി മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ അളവുകള്‍ ഉണ്ടായിരിക്കും. ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, വീതിയേറിയ സിംഗിള്‍ പീസ് സീറ്റ് എന്നിവ ഡിസൈന്‍ പാറ്റന്റ് ചിത്രങ്ങളില്‍ കാണാന്‍ കഴിയും.

കൂടുതല്‍ സാമ്പ്രദായികവും അതേസമയം സ്‌പോര്‍ട്ടിയുമായ രൂപകല്‍പ്പനയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തില്‍ ബെംഗളൂരു ആസ്ഥാനമായ ഇവി സ്റ്റാര്‍ട്ടപ്പ് നിര്‍വഹിച്ചിരിക്കുന്നത്. മുന്തിയ പരിഗണന ലഭിച്ചതാണ് ഏപ്രണ്‍. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉണ്ടായിരിക്കും. കറുത്ത അലോയ് വീലുകള്‍, മുന്നില്‍ നീളം കുറഞ്ഞ ഫെന്‍ഡര്‍, വശങ്ങളില്‍ ചെത്തിയുണ്ടാക്കിയതുപോലെ ബോഡിവര്‍ക്ക്, മുന്നില്‍ ഒരുപക്ഷേ ഡിസ്‌ക് ബ്രേക്ക് എന്നിവ മറ്റ് സവിശേഷതകളായിരിക്കും.

ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ഒടിആര്‍ അപ്‌ഡേറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, നാവിഗേഷന്‍, ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്‌സ് തുടങ്ങിയവ നല്‍കും. കൂടുതല്‍ നൂതന ഫീച്ചറുകള്‍, ഹൈ പെര്‍ഫോമന്‍സ് ബാറ്ററി പാക്ക്, ഉയര്‍ന്ന റൈഡിംഗ് റേഞ്ച്, വിവിധ റൈഡിംഗ് മോഡുകള്‍, അതിവേഗ ചാര്‍ജിംഗ് എന്നിവയെല്ലാം പ്രതീക്ഷിക്കാം. വിപണിയിലെത്തുമ്പോള്‍ മേല്‍പ്പറഞ്ഞതെല്ലാം ഉണ്ടാകുമെങ്കില്‍, നിലവിലെ 450എക്‌സ് സ്‌കൂട്ടറിന് മുകളിലായിരിക്കും പുതിയ മോഡലിന് സ്ഥാനം.

പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് കഴിയും. പുതിയ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചുവരികയാണ് ഏഥര്‍ എനര്‍ജി. നൂതന കണക്റ്റിവിറ്റി ഫീച്ചറുകളോടെ വിപണിയിലെത്തിയ ഏഥര്‍ 450എക്‌സ് വിപണിയിലെ 125 സിസി സ്‌കൂട്ടറുകളേക്കാള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഈയിടെ ബ്ലൂടൂത്ത് അധിഷ്ഠിത മ്യൂസിക്, കോള്‍ ഫീച്ചറുകള്‍ നല്‍കിയിരുന്നു.

Maintained By : Studio3