September 12, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടി സ്പേസ് സൃഷ്ടിക്കാന്‍ സഹ-ഡെവലപ്പര്‍മാരെ പങ്കാളികളാക്കും

1 min read

തിരുവനന്തപുരം: കേരളത്തില്‍ ഐടി സ്പേസിനായുള്ള ആവശ്യകത വളരെ ഉയര്‍ന്നതാണെന്നും പ്രധാന സഹ-ഡെവലപ്പര്‍മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഐടി വകുപ്പ് സംരംഭങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരള ഐടിയുമായി സഹകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഡിജിനെക്സ്റ്റ് ഉച്ചകോടി 2025 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘ബ്രിഡ്ജിംഗ് ഇന്‍ഡസ്ട്രീസ്: പവറിംഗ് ദി ഫ്യൂച്ചര്‍’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. കേരളത്തിലെ ഐടി പാര്‍ക്കുകള്‍ മികവിന്‍റെ പ്രതീകങ്ങളായി നിലകൊള്ളുകയാണെന്ന് സീറാം സാംബശിവ റാവു ചൂണ്ടിക്കാട്ടി. കൂടുതല്‍ ഐടി സ്പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. അതിനെ മുന്നോട്ടു നയിക്കുന്നതിനായി ശരിയായ കാഴ്ചപ്പാട്, മതിയായ സംവിധാനങ്ങള്‍ എന്നിവയില്‍ ഐടി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിലെ ഡെവലപ്പര്‍മാര്‍ ഐടിയെയും സാങ്കേതികവിദ്യയെയും വലിയ അവസരങ്ങളുടെ മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സഹ-ഡെവലപ്പരുടെ പ്രപ്പോസലുകള്‍ പരിഗണനയിലുണ്ട്. ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് സീറാം സാംബശിവ റാവു വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ സുസ്ഥിര ഐടി ആവാസവ്യവസ്ഥയുടെ ഉദാഹരണങ്ങളായി ടോറസ് ഡൗണ്‍ ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്നോപാര്‍ക്ക് ഫേസ് -3 കാമ്പസിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയ സുപ്രധാന പദ്ധതികളെ അദ്ദേഹം ഉദ്ധരിച്ചു. കൊച്ചിയില്‍ ഒരു ഐടി പ്ലേസ്റ്റേഷന്‍ സാങ്കേതികവിദ്യയും ക്രിയേറ്റീവ് ടെക്നോളജി ഡെസ്റ്റിനേഷനും സ്ഥാപിക്കുന്നതിനുള്ള 100 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എഐ-അധിഷ്ഠിത ഹൈടെക് സിറ്റി പദ്ധതിക്കായി കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക് രണ്ട് പുതിയ സ്ഥലങ്ങള്‍ ഉടന്‍ ചേര്‍ക്കും. വ്യവസായ വകുപ്പിന്‍റെ ട്രാക്കോ കേബിള്‍ കമ്പനിയില്‍ നിന്നാണ് 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. കോഴിക്കോട്ടെ ഐടി സ്പേസ് വികസിപ്പിക്കുന്നതിനായി ഹൈലൈറ്റ് പോലുള്ള പ്രമുഖ സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലായിടത്തും ഐടി സ്പേസ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ല. അതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടി പ്രാപ്തമാക്കാന്‍ പുതിയ ഐടി നയം നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ പ്രമുഖരെയും, ഇന്നൊവേറ്റേഴ്സിനെയും സംരംഭകരെയും ഒരു പ്ലാറ്റ് ഫോമില്‍ ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഉച്ചകോടി സംഘടിപ്പിച്ച തിനും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഇടപഴകുന്നതിനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയെ സീറാം സാംബശിവ റാവു അഭിനന്ദിച്ചു. ടാറ്റാ എല്‍ക്സി സെന്‍റര്‍ ഹെഡ്ഡും ജിടെക് സെക്രട്ടറിയുമായ ശ്രീകുമാര്‍ വി, അലയന്‍സ് സര്‍വീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജിസണ്‍ ജോണ്‍, വേള്‍ഡ് ട്രേഡ് സെന്‍റര്‍ പ്രസിഡന്‍റ് ഹൃഷികേശ് നായര്‍, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാന്‍ നിഖില്‍ പ്രദീപ്, സിഐഐ ഡിജിടെക് പാനല്‍ കണ്‍വീനര്‍ രാകേഷ് രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് നവീകരണവും തദ്ദേശീയവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിരോധ മേഖലയിലെ ഉപകരണങ്ങളുടെ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ‘ഡിഫന്‍സ് ആന്‍ഡ് സ്പേസ്-കേരളാസ് നെക്സറ്റ് ഫ്രോണ്ടിയര്‍’ എന്ന സെഷനില്‍ സംസാരിക്കവേ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡിഇഎക്സ്), ടെക്നോളജി ഡവലപ്മെന്‍റ് ഫണ്ട് (ടിഡിഎഫ്) പോലുള്ള പ്രതിരോധ പദ്ധതികള്‍ സായുധ സേനയിലെ വെല്ലുവിളികള്‍ക്ക് ഐടി ആവാസവ്യവസ്ഥയിലൂടെയുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യം എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റേഴ്സിനും വളരെയധികം അവസരങ്ങള്‍ നല്‍കുന്നു. പ്രതിരോധ ഉല്‍പ്പാദനത്തിന്‍റെ അളവ് 1.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിരോധ കയറ്റുമതിയുടെ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍ നിന്നാണെന്നത് പ്രോത്സാഹജനകമായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്പേസ് പാര്‍ക്ക് സിഇഒ ജി ലെവിന്‍, അര്‍മാഡയിലെ എഐ ഹെഡ് നവീന്‍ നായര്‍ എന്നിവരായിരുന്നു മറ്റ് പാനലിസ്റ്റുകള്‍. ടെറിഫിക് മൈന്‍ഡ്സ് സിഒഒ രഞ്ജിത്ത് വിജയന്‍ മോഡറേറ്റ് ചെയ്തു. ‘ഓട്ടോമോട്ടീവ് ഫ്യൂച്ചര്‍-റോബോട്ടാക്സിസ് ഇലക്ട്രിക് വെഹിക്കിള്‍സ് ആന്‍ഡ് എഐ: എ ന്യൂ ഇക്കണോമി ഓഫ് ഓണ്‍-ഡിമാന്‍ഡ് എക്സ്പീരീയന്‍സ്’ എന്ന സെഷനില്‍ നിസ്സാന്‍ ഡിജിറ്റല്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറിംഗ് മാനേജര്‍ രാജേഷ് കുമാര്‍ ജി, വിസ്റ്റിയോണ്‍ ഡയറക്ടറും തിരുവനന്തപുരം സെന്‍റര്‍ മേധാവിയുമായ ബിനോയ് മേലാട്ട്, നിസ്സാന്‍ ഡിജിറ്റല്‍ എന്‍റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്‍റ് ജനറല്‍ മാനേജര്‍ ശ്യാം ഉണ്ണിത്താന്‍, എസിഐഎസ് ടെക്നോളജീസിന്‍റെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റും അഡ്വാന്‍സ്ഡ് ടെക്നോളജി ഗ്രൂപ്പ് മേധാവിയുമായ നിബില്‍ പിഎം എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍ (റിട്ട), സിഐഐ തിരുവനന്തപുരം സോണ്‍ വൈസ് ചെയര്‍പേഴ്സണ്‍ ബിന്‍സി ബേബി, എഐ ആന്‍ഡ് ഡാറ്റ സ്ട്രാറ്റജി ചീഫ് ആര്‍ക്കിടെക്റ്റ് പ്രവീണ്‍ വിശ്വനാഥ്, യുഎസ്ടി ടെക്നോളജി സര്‍വീസസ് ഹെഡ് വര്‍ഗീസ് ചെറിയാന്‍, ഡാറ്റ സയന്‍സ് അക്കാദമി സ്ഥാപക ഡയറക്ടര്‍ ബ്രിജേഷ് മാധവന്‍, ഇന്നോനൂര്‍ ഐടി വെഞ്ചേഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ സിജോ ജോസഫ് ലൂയിസ്, കണ്‍സോളിഡേറ്റഡ് ടെക്വെയര്‍ ജനറല്‍ മാനേജര്‍ ജെയിംസ് കൊയ്ലോ, ഗൂഗിള്‍ യുഎക്സ് ഡിസൈനര്‍ അഡ്വിന്‍ നെറ്റോ, എക്സ്പീരിയന്‍ ടെക്നോളജീസ് സഹസ്ഥാപകനും സിടിഒയുമായ ശ്രീകുമാര്‍ പിള്ള എന്നിവരും ഉച്ചകോടിയിലെ മറ്റ് പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു.

  ബജറ്റിറ്റ് പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമാക്കുന്നതിനായി റൗണ്ട് ടേബിൾ കോൺഫറൻസ്
Maintained By : Studio3