Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റോയല്‍ എന്‍ഫീല്‍ഡിന്റെ വമ്പന്‍ തിരിച്ചുവിളി

ഏഴ് രാജ്യങ്ങളിലായി മീറ്റിയോര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 മോഡലുകളുടെ 2,36,966 യൂണിറ്റ് തിരിച്ചുവിളിച്ചു  

ഏഴ് രാജ്യങ്ങളിലായി 2.37 ലക്ഷം ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു. ഇന്ത്യ, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലായി മീറ്റിയോര്‍ 350, ബുള്ളറ്റ് 350, ക്ലാസിക് 350 മോഡലുകളാണ് തിരികെ വിളിച്ചത്. കൃത്യമായി പറഞ്ഞാല്‍, 2,36,966 യൂണിറ്റ് ബൈക്കുകള്‍ തിരിച്ചുവിളിച്ചു.

ഇഗ്നിഷന്‍ കോയിലില്‍ തകരാറ് കണ്ടെത്തിയതായി റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. എന്‍ജിന്‍ മിസ്ഫയറിംഗ്, പെര്‍ഫോമന്‍സില്‍ കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുമെന്നും ഒരുപക്ഷേ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചേക്കാമെന്നും കമ്പനി അറിയിച്ചു. ആഭ്യന്തരമായി നടത്തുന്ന പതിവ് പരിശോധനകളിലാണ് തകരാറ് കണ്ടെത്തിയത്. 2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെ സപ്ലൈ കമ്പനിയില്‍നിന്ന് വാങ്ങിയ സാമഗ്രി പ്രത്യേക ബാച്ചുകളായി തരംതിരിച്ചെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

2020 ഡിസംബറിനും 2021 ഏപ്രില്‍ മാസത്തിനുമിടയില്‍ നിര്‍മിച്ചതും വിറ്റതുമായ മീറ്റിയോര്‍ 350, 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ നിര്‍മിച്ചതും വിറ്റതുമായ ക്ലാസിക്, ബുള്ളറ്റ് ബൈക്കുകളുമാണ് തിരികെ വിളിച്ചത്. ഈ മോട്ടോര്‍സൈക്കിളുകള്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ തകരാറ് കണ്ടെത്തിയ പാര്‍ട്ട് മാറ്റിസ്ഥാപിച്ചുനല്‍കും. ഈ മോട്ടോര്‍സൈക്കിളുകളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കും പാര്‍ട്ട് മാറ്റിവെയ്‌ക്കേണ്ട ആവശ്യം വരികയെന്ന് റോയല്‍ എന്‍ഫീല്‍ഡ് കണക്കുകൂട്ടുന്നു.

മേല്‍പ്പറഞ്ഞ കാലയളവില്‍ നിര്‍മിച്ച ബൈക്കുകളുടെ വിഐഎന്‍ അനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് ടീമുകളും പ്രാദേശിക ഡീലര്‍ഷിപ്പുകളും ഉടമകളെ ബന്ധപ്പെടും. ഉപയോക്താക്കള്‍ക്ക് സ്വമേധയാ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രാദേശിക വര്‍ക്ക്‌ഷോപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്. മാത്രമല്ല, തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെട്ടോ എന്നറിയുന്നതിന് 1800 210 007 എന്ന നമ്പറില്‍ റോയല്‍ എന്‍ഫീല്‍ഡിനെ നേരിട്ടുവിളിക്കാം.

Maintained By : Studio3